ഓസ്‌ട്രേലിയൻ മതിൽ തകർത്ത് അർജന്റീന, മെസിയും സംഘവും ക്വാർട്ടറിൽ

ഖത്തർ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ മത്സരത്തിൽ ഓസ്‌ട്രേലിയയുടെ വെല്ലുവിളി മറികടന്ന് വിജയം നേടി അർജന്റീന. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. ലയണൽ മെസി ആദ്യപകുതിയിലും രണ്ടാം പകുതിയിൽ ജൂലിയൻ അൽവാറസും ഗോളുകൾ നേടിയ മത്സരത്തിൽ ഓസ്‌ട്രേലിയയുടെ ഗോൾ എൻസോ ഫെർണാണ്ടസിന്റെ വക സെല്ഫ് ഗോളായിരുന്നു. ക്വാർട്ടറിൽ കടന്ന അർജന്റീന യുഎസ്എക്കെതിരെ വിജയം നേടിയ നെതർലാൻഡ്‌സിനെയാണ് നേരിടുക.

അർജന്റീന കൂടുതൽ ശക്തരാണെന്ന് അറിയാവുന്നതിനാൽ തന്നെ പൂർണമായും പ്രതിരോധത്തിലേക്ക് വലിഞ്ഞു കളിക്കുകയെന്ന തന്ത്രമാണ് ഓസ്‌ട്രേലിയ പയറ്റിയത്. അതിലവർ ഒരു പരിധി വരെ വിജയിക്കുകയും ചെയ്‌തു. ഓസ്‌ട്രേലിയൻ ബോക്‌സിനുള്ളിലേക്ക് പന്തുമായി കടന്നു ചെല്ലാൻ പോലും കഴിയാത്ത വിധത്തിൽ അവർ അർജന്റീന മുന്നേറ്റനിരയെ തളച്ചിട്ടു. അമിതമായ പ്രതിരോധത്തിൽ നിന്നും ഓസ്‌ട്രേലിയയെ മാറ്റുന്നതിന് വേണ്ടി ഇടയ്ക്കു വെച്ച് അർജന്റീന അവരെ ചെറിയ രീതിയിൽ അക്രമങ്ങൾക്ക് ക്ഷണിക്കുന്ന തന്ത്രം സ്വീകരിച്ചപ്പോൾ മാത്രമാണ് ഓസീസ് ടീമിന്റെ മുന്നേറ്റങ്ങൾ കണ്ടത്.

പന്തടക്കത്തിൽ വളരെയധികം ആധിപത്യം പുലർത്തിയ  അർജന്റീന മുപ്പത്തിയഞ്ചാം മിനുട്ടിലാണ് ഡെഡ്‌ലോക്ക് തുറക്കുന്നത്. മെസിയെടുത്ത ഫ്രീ കിക്ക് ഓസ്‌ട്രേലിയൻ പ്രതിരോധം കുത്തിയകറ്റിയെങ്കിലും അത് പിന്നീട് ബോക്‌സിലേക്ക് ഓടിയെത്തിയ മെസിയിലേക്ക് തന്നെ വന്നു ചേർന്നു. പന്ത് ലഭിച്ചതും മൂന്നോളം ഓസ്‌ട്രേലിയൻ താരങ്ങൾ മുന്നിലുണ്ടായിട്ടും ഒരു ഗ്രൗണ്ട് ഷോട്ടിലൂടെ മെസിയത് വലയിലേക്ക് തിരിച്ചു വിട്ടു. മത്സരത്തിൽ അർജന്റീന ഗോളിലേക്കുതിർത്ത ആദ്യത്തെ ഷോട്ടായിരുന്നു അത്. ലോകകപ്പ് നോക്ക്ഔട്ടിൽ ലയണൽ മെസി നേടുന്ന ആദ്യത്തെ ഗോളും.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അർജന്റീന നിർണായകമായ മാറ്റം വരുത്തി. മുന്നേറ്റനിര താരമായ പപ്പു ഗോമസിനു പകരം ലിസാൻഡ്രോ മാർട്ടിനസിനെ കളത്തിലിറക്കി പ്രതിരോധത്തെ കൂടുതൽ ദൃഢമാക്കി. പന്ത് കൂടുതൽ സമയം പിടിച്ചു വെച്ച് ഓസ്‌ട്രേലിയ ആക്രമണങ്ങൾക്ക് ശ്രമിക്കുമ്പോൾ പഴുതുകൾ തുറന്നെടുക്കുകയെന്ന തന്ത്രമാണ് അർജന്റീന സ്വീകരിച്ചത്. അൻപത്തിയേഴാം മിനുട്ടിൽ തന്നെ അർജന്റീന ലീഡുയർത്തി. ഓസ്‌ട്രേലിയൻ ഗോൾകീപ്പറെ ഡീപോൾ മനോഹരമായി പ്രസ് ചെയ്‌തപ്പോൾ പന്ത് ലഭിച്ച ജൂലിയൻ അൽവാരസ് അത് വലയിലേക്കെത്തിച്ചു. ടൂർണമെന്റിൽ താരത്തിന്റെ രണ്ടാമത്തെ ഗോളായിരുന്നു അത്.

രണ്ടു ഗോളിന്റെ ലീഡ് നേടിയതോടെ അർജന്റീനയുടെ കാലിലായിരുന്നു കൂടുതൽ സമയവും കളിയുണ്ടായിരുന്നത്. ഓസ്‌ട്രേലിയക്ക് വലിയെ മുന്നേറ്റങ്ങളൊന്നും സംഘടിപ്പിക്കാൻ കഴിഞ്ഞില്ല. എന്നാൽ ഓസ്‌ട്രേലിയക്കു പ്രതീക്ഷ നൽകി എഴുപത്തിയേഴാം മിനുട്ടിൽ അവർ ഗോൾ നേടി. ക്രൈഗ് ഗുഡ്‌വിനിന്റെ ലോങ്ങ് റേഞ്ചർ പുറത്തേക്കാണ് പോയിരുന്നതെങ്കിലും എൻസോ ഫെർണാണ്ടസിന്റെ ദേഹത്തു തട്ടി അത് വലയിലേക്ക് കേറുകയായിരുന്നു. അതോടെ ഓസ്‌ട്രേലിയൻ താരങ്ങൾ ഉണരുകയും ആക്രമണം വർധിക്കുകയും ചെയ്‌തു.

അർജന്റീന താരങ്ങളുടെ ശ്വാസം നിലച്ചു പോയ നീക്കം വന്നത് എൺപതാം മിനുട്ടിലായിരുന്നു. ഓസ്‌ട്രേലിയൻ ലെഫ്റ്റ് ബാക്കായ അസീസ് ബെഹിച്ച് നാലോളം അർജന്റീന താരങ്ങളെ വെട്ടിച്ച് ബോക്‌സിനുള്ളിൽ പന്തെത്തിച്ച് ഷോട്ട് ഉതിർത്തെങ്കിലും കൃത്യസമയത്ത് ലിസാൻഡ്രോ മാർട്ടിനസിന്റെ ബ്ലോക്ക് അർജന്റീനയെ രക്ഷിച്ചു. എൺപത്തിയെട്ടാം മിനുട്ടിൽ ലീഡുയർത്തി മത്സരം സ്വന്തമാക്കാൻ അർജന്റീനക്ക് സുവർണാവസരം ലഭിച്ചെങ്കിലും മെസിയുടെ പാസ് ഗോളി മാത്രം മുന്നിൽ നിൽക്കെ ലൗറ്റാറോ മാർട്ടിനസ് പുറത്തേക്കാണ് അടിച്ചു കളഞ്ഞത്.

ഓസ്‌ട്രേലിയൻ ആക്രമണം വർധിക്കുമെന്ന് പ്രതീക്ഷിച്ച അവസാന മിനിറ്റുകളിൽ അർജന്റീനക്ക് നിരവധി അവസരങ്ങളാണ് ലഭിച്ചത്. എന്നാൽ അതൊന്നും  മെസിക്കും ലൗറ്റാറോ മാർട്ടിനസിനും കൃത്യമായി മുതലാക്കാൻ കഴിഞ്ഞില്ല. അവസാന മിനുട്ടിൽ ഒരു മികച്ച അവസരം ഓസ്‌ട്രേലിയക്ക് ലഭിച്ചെങ്കിലും ക്ളോസ് റേഞ്ചിൽ നിന്നുള്ള ഷോട്ട് തടുത്ത് എമിലിയാനോ മാർട്ടിനസ് രക്ഷകനായി. അർജന്റീന ആരാധകറം താരങ്ങളും വിയർത്ത നിമിഷങ്ങളായിരുന്നു അതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

 

You Might Also Like