തല താഴരുത് മോനെ, നാണംകെട്ട പ്രകടനത്തിനിടയിലും പന്തിനെ ചേര്‍ത്ത് പിടിച്ച് ഗവാസ്‌ക്കര്‍

ഐപിഎല്ലില്‍ സണ്‍റൈസസ് ഹൈദരാബാദിനെതിരെ കൂറ്റന്‍ തോല്‍വിയാണല്ലോ ഡല്‍ഹി ക്യാപിറ്റല്‍സ് വഴങ്ങിയത്. ഹൈദരാബാദ് ഉയര്‍ത്തിയ 267 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 19.1 ഓവറില്‍ 199 റണ്‍സിന് പുറത്താകുകയായിരുന്നു.

മത്സരത്തില്‍ ആദ്യ ഘട്ടത്തില്‍ ഡല്‍ഹി വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും നായകന്‍ റിഷഭ് പന്തും ട്രിസ്റ്റന്‍ സ്റ്റബ്സും മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയത് ഡല്‍ഹിയെ പിന്നോട്ടടിക്കുകയായിരുന്നു. ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണമായി വിലയിരുത്തുന്നത് റിഷഭ് പന്തിന്റെ മെല്ലപ്പോക്കാണ്. എന്നാല്‍ പല മുന്‍ താരങ്ങളും പന്തിന് പിന്തുണ നല്‍കുന്ന നിലപാടാണ് സ്വീകരിച്ചത്.

ഇതില്‍ എടുത്തു പറയേണ്ടത് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌ക്കറുടെ പിന്തുണയാണ്. മറ്റ് താരങ്ങളുടെ ചെറിയ തെറ്റിനെ പോലും രൂക്ഷമായി വിമര്‍ശിക്കാറുളള ഗവാസ്‌ക്കര്‍ പന്തിനെ മ്ത്സരശേഷം പ്രശംസിക്കുകയും പിന്തുണക്കുകയും ആണ് ചെയ്തത്.

‘നീ തലതാഴ്ത്തുന്നത് കാണാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇനിയും നിരവധി മത്സരങ്ങള്‍ ബാക്കിയുണ്ട്. അതുകൊണ്ടുതന്നെ നീ ചിരി തുടരുക’ എന്നാണ് മത്സരശേഷം ഗവാസ്‌കര്‍ റിഷഭിനോട് പറഞ്ഞത്. ‘ഞാന്‍ പരമാവധി ശ്രമിക്കുംന്‍ സാര്‍’ എന്ന് റിഷഭ് മറുപടി പറയുകയും ചെയ്തു.

അതെസമയം ഐപിഎല്ലില്‍ പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് പ്രതീക്ഷകൊത്ത പ്രകടനം പുറത്തെടുത്തിട്ടില്ല. എട്ട് മത്സരത്തില്‍ നിന്ന് അഞ്ചാം തോല്‍വി വഴങ്ങിയ ഡല്‍ഹി നിലവില്‍ ഏഴാം സ്ഥാനത്താണുള്ളത്. അവസാന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് 67 റണ്‍സിനാണ് ഡല്‍ഹി തോറ്റത്.

 

You Might Also Like