സാധനം കൈയിലുണ്ടോ?, അമേരിക്കയില്‍ വിജയനും ദാസനുമായി സഞ്ജുവും ചാരുവും

അമേരിക്കയിലിറങ്ങിയ ആ പഴയ സിഐഡികളെ അറിയാത്ത മലയാളികളുണ്ടാകുമോ?. കഴിഞ്ഞ ദിവസം അത്തരത്തില്‍ രണ്ട് സിഐഡികള്‍ അമേരിക്കയിലെ മിയാമി വിമാനത്താവളത്തിന് മുകളിലൂടെ പറന്നു. അത് മറ്റാരുമല്ല ഇന്ത്യന്‍ താരം സഞ്ജുവും അദ്ദേഹത്തിന്റെ ഭാര്യ ചാരുവുമായിരുന്നു അത്.

തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഒരു സ്റ്റോറിയിലൂടെയാണ് മലയാളികളുടെ സ്വന്തം സഞ്ജു സാംസണ്‍ ഈ ചോദ്യം വീണ്ടും ചോദിച്ചിരിക്കുന്നത്.

വെസ്റ്റിന്‍ഡീസിനെതിരായ അവശേഷിക്കുന്ന ടി20 മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ സംഘത്തോടൊപ്പം ഫ്ളോറിഡയിലാണ് നിലവില്‍ സഞ്ജു. ഫ്ളോറിഡയിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍നിന്നുള്ള മിയാമിയുടെ ആകാശക്കാഴ്ച പങ്കുവച്ചായിരുന്നു സഞ്ജു ആ ക്ലാസിക് സിനിമാ ഡയലോഗ് ആവര്‍ത്തിച്ചത്.

ചിത്രത്തില്‍ ദാസനും വിജയനും അമേരിക്കയില്‍ തകര്‍ത്താടുന്ന പശ്ചാത്തലഗാനം ‘സ്വര്‍ഗത്തിലോ നമ്മള്‍ സ്വപ്നത്തിലോ’ സ്റ്റോറിക്കൊപ്പം ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതേഗാനം പങ്കുവച്ച് ഭാര്യ ചാരുലതയും ടീം വാഹനത്തില്‍നിന്നുള്ള സഞ്ജുവിന്റെ ദൃശ്യങ്ങള്‍ സ്റ്റോറിയായി പങ്കുവച്ചിട്ടുണ്ട്.

നാളെയും മറ്റന്നാളുമാണ് പരമ്പരയില്‍ അവശേഷിക്കുന്ന രണ്ടു മത്സരങ്ങളും നടക്കുന്നത്. ഫ്ളോറിഡയിലെ ലൗഡര്‍ഹില്ലിലെ സെന്‍ട്രല്‍ ബ്രോവാഡ് പാര്‍ക്ക് സ്റ്റേഡിയമാണ് മത്സരങ്ങള്‍ക്കു വേദിയാകുന്നത്. കഴിഞ്ഞ ദിവസമാണ് യു.എസ് വിസ സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍ ഫ്ളോറിഡയിലെത്തിയത്. ഗയാന പ്രസിഡന്റ് ഇര്‍ഫാന്‍ അലിയുടെ ഇടപെടലിനെ തുടര്‍ന്ന് അവസാന മണിക്കൂറിലാണ് ചില താരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും യു.എസ് വിസ ലഭിച്ചത്. അഞ്ച് മത്സരങ്ങളടക്കിയ ടി20 പരമ്പരയില്‍ നിലവില്‍ 2-1ന് മുന്നിലാണ് ഇന്ത്യ.

You Might Also Like