കോർണർ കിക്കിൽ നിന്നും നേരിട്ടൊരു ഗോൾ, ഡി മരിയ വീണ്ടും അത്ഭുതമാകുന്നു

കഴിഞ്ഞ രണ്ടര വർഷത്തിനിടയിൽ അർജന്റീന മൂന്നു കിരീടങ്ങൾ നേടിയപ്പോൾ അതിൽ സുപ്രധാന പങ്കു വഹിച്ച താരമാണ് ഏഞ്ചൽ ഡി മരിയ. കോപ്പ അമേരിക്ക, ഫൈനലൈസിമ, ലോകകപ്പ് എന്നിവയുടെ കലാശപ്പോരാട്ടത്തിൽ ഗോൾ നേടിയ താരം തന്റെ അവസാനത്തെ ലോകകപ്പ് ടൂർണമെന്റിന്റെ ഫൈനലിൽ ഫ്രാൻസിനെതിരെ നടത്തിയ പ്രകടനം ആരും മറക്കാനിടയില്ല. ആ പ്രകടനത്തോടെ അർജന്റീന ആരാധകരുടെ ഹൃദയത്തിൽ ഡി മരിയ എന്നും ഇടം പിടിക്കും.

കഴിഞ്ഞ സമ്മറിൽ യുവന്റസ് വിട്ട് പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിലേക്ക് ചേക്കേറിയ ഡി മരിയ കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ നേടിയ ഗോൾ ഇപ്പോൾ തരംഗമായി മാറുകയാണ്. ഓസ്ട്രിയൻ ക്ലബായ ആർബി സാൽസ്ബർഗിനെതിരെ ബെൻഫിക്ക ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ടീമിന്റെ ആദ്യത്തെ ഗോളാണ് ഡി മരിയ നേടിയത്. ഗ്രൂപ്പിൽ നിന്ന് മുന്നേറാൻ കഴിഞ്ഞില്ലെങ്കിലും ആ വിജയത്തിലൂടെ യൂറോപ്പ ലീഗ് യോഗ്യത നേടാൻ ബെൻഫിക്കക്ക് കഴിഞ്ഞു.

മത്സരത്തിന്റെ മുപ്പത്തിരണ്ടാം മിനുട്ടിലാണ് ഡി മരിയയുടെ ഗോൾ പിറന്നത്. കോർണർ എടുത്ത താരം അത് പോസ്റ്റിലേക്ക് വളച്ചിറക്കുകയായിരുന്നു. ഡി മരിയയുടെ കോർണർ കുത്തിയകറ്റാൻ സാൽസ്ബർഗ് താരങ്ങൾ ശ്രമം നടത്തിയെങ്കിലും അവർക്കതിനു കഴിഞ്ഞില്ല. സാൽസ്ബർഗ് താരങ്ങൾ ശ്രമിച്ചതിനാൽ തന്നെ ഗോൾ കീപ്പർക്കും പന്തിന്റെ ദിശ കൃത്യമായി മനസിലായില്ല. പന്ത് നേരെ വലയിലേക്ക് കയറി ടീമിന് ആദ്യത്തെ ഗോൾ സമ്മാനിക്കുകയായിരുന്നു.

മത്സരത്തിൽ ഒരു ഗോളിന് പുറമെ ഒരു അസിസ്റ്റും സ്വന്തമാക്കിയ ഡി മരിയ തന്നെയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. സൗദി അറേബ്യയിൽ നിന്നും വമ്പൻ ഓഫറുകൾ ഉണ്ടായിട്ടും അടുത്ത കോപ്പ അമേരിക്കയിൽ പങ്കെടുക്കുകയെന്ന ലക്ഷ്യത്തോടെ ബെൻഫിക്കയിൽ തുടർന്ന ഡി മരിയ മികച്ച പ്രകടനമാണ് നടത്തുന്നത്. കോപ്പ അമേരിക്കയിൽ കൂടി പങ്കെടുത്ത് താരം ദേശീയ ടീമിൽ നിന്നും വിടവാങ്ങുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

You Might Also Like