വിരമിക്കാനുള്ള സമയമടുത്തു, അപ്രതീക്ഷിതമായ പ്രഖ്യാപനവുമായി ഏഞ്ചൽ മരിയ

അർജന്റീന ആരാധകരെ സംബന്ധിച്ച് എക്കാലത്തെയും വലിയ ഇതിഹാസമാണ് ഏഞ്ചൽ ഡി മരിയ. ടീമിന്റെ ഉയർച്ചകളിലും താഴ്‌ചകളിലും കൂടെയുണ്ടായിരുന്ന താരം രണ്ടു കോപ്പ അമേരിക്ക ടൂർണ്ണമെന്റിന്റെയും ഒരു ലോകകപ്പിന്റെയും ഫൈനലിൽ ടീമിന്റെ തോൽ‌വിയിൽ കരഞ്ഞു മടങ്ങിയതാണ്. എന്നാൽ അതിലൊന്നും തളരാതെ പൊരുതിയ താരം തന്റെ മുപ്പത്തിയഞ്ചാം വയസിൽ ദേശീയ ടീമിനൊപ്പം എല്ലാ നേട്ടങ്ങളും സ്വന്തമാക്കുകയും അതിൽ നിർണായക പങ്കു വഹിക്കുകയും ചെയ്‌തു.

2021 മുതലിങ്ങോട്ട് അർജന്റീന നേടിയ മൂന്നു കിരീടങ്ങളുടെയും കലാശപ്പോരാട്ടത്തിൽ ഏഞ്ചൽ ഡി മരിയ ഗോൾ നേടിയിരുന്നു. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ താരം നടത്തിയ പ്രകടനം അർജന്റീന ആരാധകർ ഒരിക്കലും മറക്കാത്തതാണ്. ലോകകപ്പിന് ശേഷം താരം വിരമിക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അർജന്റീന ടീമിൽ തന്നെ തുടരുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം അർജന്റൈൻ താരം തന്റെ വിരമിക്കൽ എന്നായിരിക്കും എന്നു വ്യക്തമാക്കുകയുണ്ടായി.

“കോപ്പ അമേരിക്ക ടൂർണമെന്റിനു ശേഷം ഞാൻ അർജന്റീന ടീമിൽ നിന്നും വിരമിക്കും. അത് ഞാൻ ഉറപ്പിച്ചു കഴിഞ്ഞു. അർജന്റീന ടീമിലെ എന്റെ സമയം കഴിഞ്ഞിരിക്കുന്നു. പിഎസ്‌ജിയിൽ ആയിരിക്കുമ്പോൾ ഞാൻ മെസിയെ കെട്ടിപ്പുണർന്ന് പറഞ്ഞു. നിങ്ങൾക്കൊപ്പം ക്ലബ് തലത്തിൽ ഒരുമിച്ച് കളിക്കാനും ദിവസവും കാണാനും ഒരുമിച്ച് പരിശീലനം നടത്താനും കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ് എന്ന്.” കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ഡി മരിയ പറഞ്ഞു.

നിലവിൽ പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിൽ കളിക്കുന്ന ഏഞ്ചൽ ഡി മരിയ മികച്ച പ്രകടനമാണ് നടത്തുന്നത്. പരിക്ക് കാരണം ഇന്റർനാഷണൽ ബ്രേക്കിൽ താരം കളിക്കാൻ ഇറങ്ങിയിരുന്നില്ല. ഫിറ്റ്നസ് ഉണ്ടെങ്കിൽ അർജന്റീന ടീമിൽ സ്ഥാനം ഉറപ്പുള്ള താരം കോപ്പ അമേരിക്ക സമയത്ത് പരിക്ക് പറ്റരുതേ എന്നാണു ആരാധകർ ആഗ്രഹിക്കുന്നത്. കോപ്പ അമേരിക്കയിൽ കളിക്കാൻ വേണ്ടിയാണ് സൗദിയുടെ ഓഫർ തഴഞ്ഞ് താരം യൂറോപ്പിൽ തന്നെ തുടർന്നത്.

You Might Also Like