റൊണാൾഡോക്ക് അവസരങ്ങൾ ഒരുക്കി നൽകാൻ വമ്പൻ സൈനിങ്‌ നടത്തി അൽ നസ്ർ

സൗദി അറേബ്യൻ ക്ലബുകൾ യൂറോപ്പിൽ നിന്നുള്ള വമ്പൻ താരങ്ങളെ ഒന്നൊന്നായി ടീമിലെത്തിച്ചു കൊണ്ടിരിക്കുകയാണ്. ഖത്തർ ലോകകപ്പിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിലേക്ക് ചേക്കേറിയതോടെയാണ് ഇതിനു തുടക്കമായത്. റൊണാൾഡോയെ അൽ നസ്ർ സ്വന്തമാക്കിയപ്പോൾ സീസൺ കഴിഞ്ഞതോടെ അൽ ഇത്തിഹാദ് കരിം ബെൻസിമയെയും സ്വന്തമാക്കി.

ഇപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അവസരങ്ങൾ ഒരുക്കി നൽകാൻ മറ്റൊരു വമ്പൻ സൈനിങ്‌ നടത്താൻ അൽ നസ്ർ ഒരുങ്ങുകയാണ്. ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ പുറത്തു വിടുന്ന റിപ്പോർട്ടുകൾ പ്രകാരം ചെൽസിയുടെ മൊറോക്കൻ താരമായ ഹക്കിം സിയച്ചുമായി അൽ നസ്ർ വാക്കാലുള്ള കരാറിൽ എത്തിയിട്ടുണ്ട്. 2026 വരെയാണ് താരവുമായി കരാർ ധാരണയിൽ എത്തിയിട്ടുള്ളത്.

അയാക്‌സിൽ നിന്നുമാണ് ഹക്കിം സിയച്ച് ചെൽസിയിൽ എത്തിയത്. എന്നാൽ കഴിഞ്ഞ സീസണിൽ താരത്തിന് അവസരങ്ങൾ കുറവായിരുന്നു. ആകെ ഇരുപത്തിനാലു മത്സരങ്ങൾ കളിച്ച താരം അതിൽ അധികമത്സരത്തിലും പകരക്കാരനായാണ് കളത്തിലിറങ്ങിയത്. ഇതാണ് മൊറോക്കൻ താരം ചെൽസി വിടാനുള്ള തീരുമാനമെടുക്കാൻ കാരണമായത്. ജനുവരിയിൽ പിഎസ്‌ജിയിലേക്ക് ചേക്കേറാനുള്ള അവസരം താരത്തിന് ഉണ്ടായിരുന്നെങ്കിലും ട്രാൻസ്‌ഫർ നീക്കങ്ങൾ പൂർത്തിയായില്ല.

എട്ടു മില്യൺ യൂറോയാണ് സിയച്ചിനായി അൽ നസ്ർ മുടക്കിയതെന്നാണ് റിപ്പോർട്ടുകൾ. അവസരങ്ങൾ ഒരുക്കി നൽകാനും ക്രോസുകൾ നൽകാനും കഴിയുന്ന മികച്ച പ്ലേ മേക്കർമാരിൽ ഒരാളായ മൊറോക്കൻ താരത്തിന്റെ സാന്നിധ്യം അൽ നസ്റിന് കരുത്താണ്. അടുത്ത സീസണിൽ റൊണാൾഡോക്ക് കൂടുതൽ ഗോളുകൾ അടിച്ചുകൂട്ടാനും കിരീടങ്ങൾ നേടാനും താരം സഹായിക്കുമെന്നാണ് കരുതേണ്ടത്.

You Might Also Like