റൊണാൾഡോയുടെ വാക്കുകൾ സത്യമായി, സൗദി പ്രൊ ലീഗ് മെസിയുടെ എംഎൽഎസിനേക്കാൾ മികച്ചതു തന്നെ

സൗദി അറേബ്യയിൽ വെച്ച് നടന്ന റിയാദ് കപ്പിൽ മത്സരിക്കാനായി എത്തിയ അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയെ നിലം തൊടാതെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ പറപ്പിച്ചു വിട്ടത്. ആദ്യത്തെ പന്ത്രണ്ടു മിനുട്ടിൽ തന്നെ മൂന്നു ഗോളുകൾ നേടിയ അൽ നസ്ർ അതിനു ശേഷം മൂന്നു ഗോളുകൾ കൂടി നേടി എതിരില്ലാത്ത ആറു ഗോളുകളുടെ വിജയമാണ് ഇന്റർ മിയാമിക്കെതിരെ നേടിയത്.

മത്സരത്തിൽ പരിക്ക് കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നില്ല. ലയണൽ മെസിയും ഇന്റർ മിയാമിയുടെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ലെങ്കിലും അവസാനത്തെ കുറച്ച് മിനിറ്റുകളിൽ താരം കളത്തിലിറങ്ങിയിരുന്നു. അപ്പോൾ തന്നെ ആറു ഗോളുകൾ നേടിയിരുന്ന അൽ നസ്‌റിനെതിരെ തിരിച്ചു വരാനുള്ള യാതൊരു സാധ്യതയും ഇന്റർ മിയാമിക്ക് അവശേഷിച്ചിരുന്നില്ല.

അൽ നാസറിന്റെ വിജയത്തിൽ റൊണാൾഡോ നടത്തിയ ഒരു പരാമർശം സത്യമാണെന്നു തെളിയുന്നുണ്ട്. ലയണൽ മെസി കളിക്കുന്ന എംഎൽഎസ് എന്ന ലീഗിനേക്കാൾ സൗദി പ്രൊ ലീഗ് മികച്ചതാണെന്ന് റൊണാൾഡോ അഭിപ്രായപ്പെട്ടിരുന്നു. ഇന്നലത്തെ മത്സരത്തിലൂടെ അത് തെളിയിക്കപ്പെട്ടു. മെസി ഇല്ലെങ്കിലും സുവാരസ്, ആൽബ, ബുസ്‌ക്വറ്റ്സ് തുടങ്ങിയ താരങ്ങളുമായി ഇറങ്ങിയ ഇന്റർ മിയാമിക്ക് ഒന്ന് പൊരുതാൻ പോലും കഴിഞ്ഞില്ല.

കഴിഞ്ഞ സീസണിൽ എംഎൽഎസിൽ അവസാനസ്ഥാനങ്ങളിലായിരുന്ന ഇന്റർ മിയാമി പ്രീ സീസണിൽ വളരെ മോശം പ്രകടനമാണ് നടത്തുന്നത്. അഞ്ചു മത്സരങ്ങൾ കളിച്ച അവർ ഒരെണ്ണത്തിലും വിജയം നേടിയിട്ടില്ലെന്നു മാത്രമല്ല, നാലെണ്ണത്തിലും തോൽവി വഴങ്ങുകയും ചെയ്‌തു. അതുകൊണ്ടു തന്നെ പുതിയ സീസണിന് ഇറങ്ങുമ്പോൾ ടീമിൽ ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്.

You Might Also Like