ഇരുപത് മത്സരങ്ങൾക്ക് ശേഷം റൊണാൾഡോയുടെ അൽ നസ്ർ വീണു, മെസി ചാന്റുകളുമായി എതിർടീം ആരാധകർ

സൗദി പ്രൊ ലീഗിൽ കിരീടം നേടാമെന്ന റൊണാൾഡോയുടെ ആഗ്രഹങ്ങൾക്ക് മങ്ങലേൽപ്പിച്ച് ഇന്നലെ നടന്ന വമ്പൻ പോരാട്ടത്തിൽ അൽ നസ്റിന് തോൽവി. ലീഗിലെ ഒന്നാം സ്ഥാനക്കാരായ അൽ ഹിലാലും രണ്ടാം സ്ഥാനത്തുള്ള അൽ നസ്‌റും തമ്മിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അൽ ഹിലാൽ വിജയം സ്വന്തമാക്കിയത്. ഇതോടെ ലീഗ് പോയിന്റ് ടേബിളിൽ അൽ നസ്‌റുമായുള്ള പോയിന്റ് വ്യത്യാസം വർധിപ്പിക്കാൻ അൽ ഹിലാലിനു കഴിഞ്ഞു.

ആദ്യപകുതിയിൽ ഗോളൊന്നും ഇല്ലാതിരുന്ന മത്സരത്തിൽ അൽ ഹിലാലിന്റെ മൂന്നു ഗോളുകളും നേടിയത് സെർബിയൻ താരങ്ങളാണ്. അറുപത്തിനാലാം മിനുട്ടിൽ മിലിങ്കോവിച്ച് സാവിച്ച് ഗോൾവേട്ടക്ക് തുടക്കമിട്ടു. അതിനു ശേഷം മത്സരം തീരാൻ മിനുട്ടുകൾ ബാക്കി നിൽക്കെ മുൻ പ്രീമിയർ ലീഗ് താരമായ മിട്രോവിച്ച് രണ്ടു ഗോളുകൾ കൂടി നേടി അൽ ഹിലാലിന്റെ വിജയം ഉറപ്പിച്ചു. മത്സരത്തിൽ റൊണാൾഡോ ഒരു ഗോൾ നേടിയെങ്കിലും അത് റഫറി നിഷേധിക്കുകയും ചെയ്‌തു.

മത്സരത്തിൽ അൽ നസ്ർ തോൽവി വഴങ്ങിയതോടെ ലയണൽ മെസി ചാന്റുകളുമായാണ് അൽ ഹിലാൽ ആരാധകർ റൊണാൾഡോയെ ഡ്രസിങ് റൂമിലേക്ക് യാത്രയാക്കിയത്. ലയണൽ മെസി ചാന്റുകൾ ഉയർത്തുന്ന ആരാധകരോട് രൂക്ഷമായി പ്രതികരിക്കാറുള്ള റൊണാൾഡോയുടെ ഇത്തവണത്തെ സമീപനം വ്യത്യസ്‌തമായിരുന്നു. ഫ്ലയിങ് കിസ്സുകൾ നൽകിയാണ് റൊണാൾഡോ അതിനോട് പ്രതികരിച്ചത്. അതിനു ശേഷം താരം ഡ്രസിങ് റൂമിലേക്ക് കയറിപ്പോവുകയും ചെയ്‌തു.

ഈ സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളും തോൽവിയോടെ തുടങ്ങിയ അൽ നസ്ർ അതിനു ശേഷം ഇരുപത് മത്സരങ്ങളിലും തോൽവി അറിഞ്ഞിട്ടില്ല. ഈ തോൽവി അവരുടെ അപരാജിത കുതിപ്പിന് അവസാനമുണ്ടാക്കി. ഇതോടെ അൽ നസ്ർ ലീഗിൽ ഏഴു പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് വീണതോടെ കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയും അൽ ഹിലാലിനു വർധിച്ചിട്ടുണ്ട്.

You Might Also Like