താക്കൂര്‍ തീയായി, കൊടുങ്കാറ്റ് സെഞ്ച്വറിയുമായി ദുബെ, പുറത്തായിട്ടും വീണ്ടും ബാറ്റ് ചെയ്ത് രഹാനെ

രഞ്ജി ട്രോഫിയില്‍ അസം- മുംബൈ മത്സരത്തിന്റെ ആദ്യ ദിനം സംഭവ ബഹുലമായി. ആദ്യം ബാറ്റ് ചെയ്ത അസമിനെ മുംബൈയ്ക്കായി ഷാര്‍ദുല്‍ താക്കൂര്‍ 84 റണ്‍സിന് എറിഞ്ഞിടുകയായിരുന്നു. 10.1 ഓവറില്‍ 21 റണ്‍സ് വഴങ്ങിയാണ് ഷാര്‍ദുല്‍ ആറഅസമീസ് ബാറ്റര്‍മാരെ പുറത്താക്കിയത്. ഷാര്‍ദുലിനെ കൂടാതെ ഷംസ മുളാനി രണ്ട് വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ മുംബൈ നായകന്‍ അജിന്‍ക്യ രഹാനയ്ക്ക് പുറത്തായിട്ടും വീണ്ടും ബാറ്റിംഗ് ചെയ്യാന്‍ അവസരം ലഭിച്ചു. മുംബൈ സ്‌കോര്‍ 102-4ല്‍ നില്‍ക്കെയാണ് 18 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്ന രഹാനെയെ ആസം നാടകീയമായി ഔട്ടാക്കുന്നത്. ആസം ബൗളര്‍ ദിബാകര്‍ ജോഹ്‌റിയുടെ പന്ത് മിഡോണിലേക്ക് അടിച്ച് അതിവേഗ സിംഗിളിനായി ഓടിത്തുടങ്ങിയ രഹാനെ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ശിവം ദുബെ ഓടാത്തിനെത്തുടര്‍ന്ന് തിരിച്ച് ക്രീസിലേക്ക് ഓടി. എന്നാല്‍ ഓട്ടത്തിനിടെ ആസം ക്യാപ്റ്റന്‍ ഡെനിഷ് ദാസ് റണ്ണൗട്ടാക്കാനായി എറിഞ്ഞ ത്രോ രഹാനെയുടെ ദേഹത്താണ് കൊണ്ടത്.

പന്ത് ദേഹത്ത് കൊണ്ടതോടെ ആസം താരങ്ങള്‍ ഫീല്‍ഡിംഗ് ബോധപൂര്‍വം തടസപ്പെടുത്തിയെന്ന് കാണിച്ച് രഹാനെക്കിതിരെ ഔട്ടിനായി അപ്പീല്‍ ചെയ്തു. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് അനുവദിക്കുകയും കരിയറില്‍ ആദ്യമായി രഹാനെ ഒബ്‌സ്ട്രക്ടിംഗ് ദ് ഫീല്‍ഡിന് ഔട്ടാവുകയും ചെയ്തു. തൊട്ടു പിന്നാലെ ഇരു ടീമുകളും ചായക്ക് പിരിഞ്ഞു.

ചായയുടെ ഇടവേളയില്‍ വീണ്ടുവിചാരമുണ്ടായ ആസം നായകന്‍ ഡെനിഷ് ദാസ് തങ്ങള്‍ രഹാനെക്കെതിരായ അപ്പീല്‍ പിന്‍വലിക്കുകയാണെന്ന് അമ്പയറോട് വ്യക്തമാക്കി. ക്രിക്കറ്റ് നിയമം അനുസരിച്ച് അടുത്ത പന്തെറിയും മുമ്പ് വരെയാണ് അപ്പീല്‍ പിന്‍വലിക്കാന്‍ കഴിയു. രഹാനെ പുറത്തായശേഷം പന്തെറിഞ്ഞിട്ടില്ലാത്തതിനാല്‍ അമ്പയര്‍ ആസം നായകന്റെ തീരുമാനം അംഗീകരിച്ച് രഹാനെക്ക് വീണ്ടും ബാറ്റിംഗിനിറങ്ങാമെന്ന് വ്യക്തമാക്കി.

ചായക്ക് ശേഷം ക്രീസിലെത്തിയ രഹാനെക്ക് പക്ഷെ രണ്ടാം വട്ടം അവസരം ലഭിച്ചിട്ടും അത് മുതലാക്കാനായില്ല. 69 പന്തില്‍ 22 റണ്‍സെടുത്ത് രഹാനെ പുറത്തായി. പിന്നീട് തകര്‍ത്തടിച്ച് സെഞ്ചുറി നേടിയ ശിവം ദുബെയുടെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തിട്ടുണ്ട്. ഇതോടെ 133 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ മുംബൈയ്ക്ക് ഉളളത്. ദുബെ 95 പന്തില്‍ 10 ഫോറും അഞ്ച് സിക്‌സും സഹിതം 101 റണ്‍സുമായി ദുബെ പുറത്താകാതെ ക്രീസിലുണ്ട്.

You Might Also Like