മുംബൈ സിറ്റിയുടെ കിരീടമോഹങ്ങൾക്ക് വലിയ തിരിച്ചടി, ഡയസിനെ വിലക്കി എഐഎഫ്എഫ്

ഇന്ത്യൻ സൂപ്പർ ലീഗിൽ നാലാം സ്ഥാനത്തു നിൽക്കുന്ന മുംബൈ സിറ്റിക്ക് കനത്ത തിരിച്ചടി നൽകി ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ അർജന്റീന താരം ജോർജ് പെരേര ഡയസിനു വിലക്ക്. നാല് മത്സരങ്ങളിലാണ് താരത്തെ വിലക്കിയിരിക്കുന്നത്. ഒഡിഷ എഫ്‌സിക്കെതിരെ നടന്ന സൂപ്പർകപ്പ് മത്സരത്തിലുണ്ടായ സംഭവങ്ങളുടെ പേരിലാണ് എഐഎഫ്എഫ് അച്ചടക്കസമിതി വിലക്ക് നൽകിയിരിക്കുന്നത്.

ഒഡിഷ എഫ്‌സിക്കെതിരായ മത്സരത്തിൽ നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. മുംബൈ സിറ്റി ഒഡിഷ എഫ്‌സിയോട് തോൽവി വഴങ്ങിയ മത്സരത്തിൽ റഫറിയുടെ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധിച്ച ഡയസിനും റോസ്റ്റിൻ ഗ്രിഫിത്ത്‌സിനും ചുവപ്പുകാർഡ് ലഭിക്കുകയുണ്ടായി. ഡയസിനു പുറമെ ഗ്രിഫിത്ത്‌സിനും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വിലക്ക് നൽകിയിട്ടുണ്ട്.

ഗ്രിഫിത്ത്‌സിനു അഞ്ചു മത്സരങ്ങളിലാണ് വിലക്ക് നൽകിയിരിക്കുന്നത്. എന്നാൽ ഓസ്‌ട്രേലിയൻ താരമായ ഗ്രിഫിത്ത്‌സ് ആ മത്സരത്തിന് ശേഷം മുംബൈ സിറ്റി വിട്ടുവെന്നതിനാൽ വിലക്ക് നിലവിൽ ബാധകമാകില്ല. ഗ്രിഫിത്ത്‌സിനു പകരക്കാരനെ മുംബൈ സിറ്റി സ്വന്തമാക്കുകയും ചെയ്‌തു. ഇനി ഇന്ത്യയിലേക്ക് കളിക്കാൻ വന്നാൽ മാത്രമേ വിലക്ക് ഗ്രിഫിത്ത്‌സിനെ ബാധിക്കുകയുള്ളൂ.

മത്സരത്തിൽ ചുവപ്പുകാർഡ് വാങ്ങി പുറത്തു പോകുമ്പോൾ ഗ്രിഫിത്ത്‌സ് നടുവിരൽ കാണിച്ചത് വലിയ വിവാദമായി മാറിയിരുന്നു. അതേസമയം സമാനമായ രീതിയിൽ നടുവിരൽ കാണിച്ച ഗുർകിരത്തിനെതിരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. എഐഎഫ്എഫിന്റെ അച്ചടക്കാതെ പൂർണമായും ലംഘിക്കുന്ന തരത്തിലാണ് ആ പെരുമാറ്റമെന്നത് വ്യക്തമാണ്.

You Might Also Like