റൊണാൾഡോയുടെ ഫ്രീ കിക്ക് ഭാഗ്യം കൊണ്ടാണ് ഗോളാകുന്നത്, മെസിക്കൊപ്പം നിർത്താൻ കഴിയില്ലെന്ന് സെർജിയോ അഗ്യൂറോ

ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നിരവധി വർഷങ്ങളായി ഫുട്ബോൾ ലോകത്തെ ചർച്ചാവിഷയമാണ്. ഇവരിൽ ആരാണ് ഏറ്റവും മികച്ച താരമെന്നതാണ് പ്രധാനമായും ചർച്ചകളിൽ നിറഞ്ഞിരുന്നത്. ലയണൽ മെസി ലോകകപ്പ് ഉൾപ്പെടെ സാധ്യമായ കിരീടങ്ങളെല്ലാം സ്വന്തമാക്കിയിട്ടും  ഈ തർക്കം ഇപ്പോഴും അവസാനിച്ചിട്ടില്ല.

റൊണാൾഡോ ആരാധകർ ഇപ്പോൾ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് താരത്തിന്റെ ഗോളടി മികവാണ്. നിലവിൽ കരിയർ ഗോളുകൾ, ഇന്റർനാഷണൽ ഗോളുകൾ, ചാമ്പ്യൻസ് ലീഗ് ഗോളുകൾ എന്നിവയുടെ എണ്ണത്തിൽ റൊണാൾഡോയാണ് മുന്നിൽ നിൽക്കുന്നത്. എന്നാൽ മെസിക്ക് റൊണാൾഡോയെക്കാൾ പ്രായം കുറവായതിനാൽ താരം ഇത് മറികടക്കുമെന്നാണ് ആരാധകർ കരുതുന്നത്.

അതേസമയം ലയണൽ മെസിയുമായി റൊണാൾഡോയെ താരതമ്യം ചെയ്യാൻ പോലും കഴിയില്ലെന്നാണ് മുൻ അർജന്റീന താരമായത് അഗ്യൂറോ പറയുന്നത്. റൊണാൾഡോയുടെ ഗോളുകൾ, പ്രത്യേകിച്ചും ഫ്രീ കിക്ക് ഗോളുകൾ പിറന്നത് ഭാഗ്യം കൊണ്ടാണെന്നാണ് അഗ്യൂറോ പറയുന്നത്. റൗൾ, ബെൻസിമ തുടങ്ങിയവർ റൊണാൾഡോയെക്കാൾ മികച്ച ഗോൾവേട്ടക്കാർ ആണെന്നും അഗ്യൂറോ പറയുന്നു.

“റൊണാൾഡോ ഗോളുകൾ എവിടെ നിന്നാണ് നേടുന്നതെന്ന് നോക്കുക. ഫ്രീ കിക്ക് ഗോളുകളെല്ലാം ഭാഗ്യമാണ്. എന്നാൽ മെസിയുടെ ഗോളുകൾ കൃത്യം ആങ്കിളിലാണ്. റൊണാൾഡോയുടെതിൽ ഗോളിയുടെ പിഴവുമുണ്ട്. റൗൾ, ബെൻസിമ എന്നിവർക്ക് റൊണാൾഡോയെക്കാൾ മികച്ച സ്കോറിങ് മികവുണ്ട്.” അഗ്യൂറോ ട്വിച്ചിൽ സംസാരിക്കുമ്പോൾ പറഞ്ഞു.

മെസിയുടെ അടുത്ത സുഹൃത്തെന്ന നിലയിൽ അഗ്യൂറോയുടെ ഈ പ്രതികരണം യാതൊരു അത്ഭുതവും ഉണ്ടാക്കുന്നില്ല. അതേസമയം കഴിഞ്ഞ ദിവസം റൊണാൾഡോയുടെ ഒരു റെക്കോർഡ് മെസി സ്വന്തമാക്കിയിരുന്നു. യൂറോപ്പിൽ ഏറ്റവുമധികം ക്ലബ് ഗോളുകളെന്ന റെക്കോർഡാണ് മെസി സ്വന്തം പേരിലാക്കിയത്.

You Might Also Like