“അർജന്റീനയെക്കുറിച്ച് ആശങ്കപ്പെടാതെ സ്വന്തം രാജ്യത്തെക്കുറിച്ച് ചിന്തിക്കൂ”- സ്ലാട്ടൻറെ വായടപ്പിച്ച് അഗ്യൂറോ

ഖത്തർ ലോകകപ്പ് വിജയം നേടിയ അർജന്റീന ടീമിനെക്കുറിച്ച് കടുത്ത വിമർശനമാണ് സ്വീഡിഷ് ഇതിഹാസതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് നടത്തിയത്. ഫൈനലിൽ വിജയം നേടിയതിനു ശേഷം അർജന്റീന ടീം നടത്തിയ ആഘോഷങ്ങൾ ചിലത് എതിരാളികളെ അധിക്ഷേപിച്ചു കൊണ്ടായിരുന്നു. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നു പറഞ്ഞ സ്ലാട്ടൻ അർജന്റീനയിൽ മെസിയല്ലാതെ മറ്റൊരു താരവും ബഹുമാനം അർഹിക്കുന്നില്ല എന്നാണു പറഞ്ഞത്. അതിനു പുറമെ അർജന്റീന ഇനിയൊരു കിരീടവും നേടില്ലെന്നും സ്ലാട്ടൻ തുറന്നടിച്ചിരുന്നു.

കഴിഞ്ഞ ദിവസം സ്ലാട്ടൻറെ വിമർശനങ്ങൾക്ക് അർജന്റീനയുടെ മുൻ താരമായ സെർജിയോ അഗ്യൂറോ മറുപടി നൽകുകയുണ്ടായി. അർജന്റീന താരങ്ങൾ അപമര്യാദയായി പെരുമാറിയെന്നു പറയുന്ന സ്ലാട്ടൻ കരിയറിൽ എല്ലാ സമയത്തും മര്യാദയോടെയാണ് കളിക്കളത്തിൽ പെരുമാറിയതെന്നു താൻ കരുതുന്നില്ലെന്നും വെറുതെ മറ്റുള്ളവരെ കല്ലെറിഞ്ഞ് തിരിച്ചും ഏറു വാങ്ങാൻ നിൽക്കേണ്ട കാര്യമില്ലെന്നും അഗ്യൂറോ പറഞ്ഞു. ലോകകപ്പ് ഫൈനലിൽ ഫ്രാൻസ് വിജയിക്കണമെന്ന ആഗ്രഹമാണ് സ്ലാട്ടന് ഉണ്ടായിരുന്നതെന്നും അഗ്യൂറോ ആരോപിച്ചു.

സ്വന്തം കരിയറെടുത്തു നോക്കുമ്പോൾ അർജന്റീന ടീമിനെ വിമർശിക്കാനുള്ള യാതൊരു യോഗ്യതയും ഇബ്രാഹിമോവിച്ചിനുണ്ടെന്നു താൻ കരുതുന്നില്ലെന്നും തന്റെ ട്വിച്ച് ചാനലിലൂടെ സംസാരിക്കുമ്പോൾ അഗ്യൂറോ വെളിപ്പെടുത്തി. അർജന്റീന ഇനിയൊരിക്കലും ഒന്നും നേടില്ലെന്നു പറഞ്ഞതും മര്യാദയില്ലായ്‌മ തന്നെയാണെന്നു പറഞ്ഞ സെർജിയോ അഗ്യൂറോ, സ്ലാട്ടൻ ഇബ്രാഹിമോവിച്ച് അർജന്റീനയെക്കുറിച്ച് കൂടുതൽ ആശങ്കപ്പെടാതെ കഴിഞ്ഞ ലോകകപ്പിൽ കളിക്കാതിരുന്ന സ്വീഡനെക്കുറിച്ചും അവരുടെ കളിക്കാരെക്കുറിച്ചും ആശങ്കപ്പെടാനും ആവശ്യപ്പെട്ടു.

ലയണൽ മെസി അർജന്റീനക്കൊപ്പം ലോകകപ്പ് കിരീടം നേടിയതും ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമെന്ന നേട്ടം സ്വന്തമാക്കിയതും സ്ലാട്ടനെ വേദനിപ്പിച്ചുവെന്നാണ് കരുതുന്നതെന്നും അഗ്യൂറോ തുറന്നടിച്ചു. കളിക്കളത്തിൽ എപ്പോഴും മര്യാദ കാണിച്ചിരുന്ന താരമാണ് സ്ലാട്ടനെന്നു കരുതുന്നില്ലെന്നും പ്രീമിയർ ലീഗിൽ കളിക്കുമ്പോൾ അർജന്റീന താരമായ ഓട്ടമെൻഡി, പെപ് ഗ്വാർഡിയോള തുടങ്ങിയ താരങ്ങളുമായി സ്ലാട്ടൻ കൊമ്പു കോർത്തിട്ടുണ്ടെന്നും അഗ്യൂറോ ഓർമിപ്പിച്ചു.

മുപ്പത്തിയാറു വർഷത്തിന് ശേഷം അർജന്റീന ടീം ലോകകപ്പ് നേടിയപ്പോൾ അവർ നടത്തിയ ആഘോഷങ്ങളിൽ മതിമറന്ന് അധിക്ഷേപകരമായ കാര്യങ്ങൾ ചെയ്‌തിട്ടുണ്ടെന്നത് സത്യം തന്നെയാണ്. ഇക്കാര്യത്തിൽ ഫിഫ അന്വേഷണവും നടത്തിക്കൊണ്ടിരിക്കുകയാണ്. സംഭവം കുറ്റമാണെന്ന് കണ്ടെത്തിയാൽ അർജന്റീനക്കെതിരെ പിഴശിക്ഷ ഉണ്ടായേക്കും. അതേസമയം അർജന്റീനയെ വിമർശിക്കാൻ കളിക്കളത്തിൽ പലപ്പോഴും അതിരുവിട്ടു പെരുമാറിയിട്ടുള്ള സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് അർഹതയുണ്ടോയെന്നത് ചോദ്യം തന്നെയാണ്.

You Might Also Like