മെസിയെ ഭീഷണിപ്പെടുത്താൻ നീയാര്, മെക്‌സിക്കൻ ബോക്‌സർക്ക് വായടപ്പിക്കുന്ന മറുപടിയുമായി അഗ്യൂറോ

മെക്‌സിക്കോക്കെതിരെ കഴിഞ്ഞ ദിവസം അർജന്റീന നേടിയ വിജയത്തിൽ മെസി താരമായെങ്കിലും അതിനു ശേഷം അത്ര താരത്തിന് അത്ര സന്തോഷമുള്ള കാര്യങ്ങളല്ല നേരിടേണ്ടി വന്നത്. മത്സരത്തിനു ശേഷം ഡ്രസിങ് റൂമിൽ വെച്ചുണ്ടായ ആഘോഷത്തിൽ മെക്‌സിക്കൻ ജേഴ്‌സിയെ അപമാനിച്ചുവെന്ന ആരോപണം നേരിടേണ്ടി വന്ന താരത്തിനെതിരെ രൂക്ഷമായ വിമർശനം പല ഭാഗത്തു നിന്നും ഉണ്ടായിരുന്നു. മെക്‌സിക്കൻ ബോക്‌സറായ കാൻസലോ അൽവാരസ് മെസിക്കെതിരെ ഭീഷണി മുഴക്കുന്നതു വരെയെത്തി കാര്യങ്ങൾ.

ജേഴ്‌സി നിലത്തിടുന്നതു തന്നെ മോശം കാര്യമാണെന്നു പറഞ്ഞ കാൻസലോ അൽവാരസ് ഈ പ്രവൃത്തി ചെയ്‌ത ലയണൽ മെസി തന്റെ മുന്നിൽ പെടാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാനും ട്വിറ്ററിലൂടെ പറഞ്ഞു. കാൻസലോ അൽവാരസിനെ പിന്തുണച്ചും എതിർത്തും നിരവധി പേർ എത്തിയിരുന്നു. സംഭവത്തിൽ മെസിയുടെ അടുത്ത സുഹൃത്തും മുൻ അർജന്റീന താരവുമായ സെർജിയോ അഗ്യൂറോയും പ്രതികരണം അറിയിക്കുകയുണ്ടായി. ട്വിറ്ററിലൂടെ നടത്തിയ പ്രതികരണത്തിൽ മെസിക്ക് പൂർണമായ പിന്തുണയാണ് അഗ്യൂറോ അറിയിക്കുകയുണ്ടായി.

പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാൻ ശ്രമിക്കരുതെന്ന് കാൻസലോയോട് ആവശ്യപ്പെട്ട അഗ്യൂറോ ഫുട്ബോളിനെ കുറിച്ചും ഡ്രസിങ് റൂമിൽ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ചും മെക്‌സിക്കൻ ബോക്‌സർക്ക് യാതൊന്നും അറിയില്ലെന്നും വ്യക്തമാക്കി. ഡ്രസിങ് റൂമിൽ ചെല്ലുന്ന താരങ്ങൾ ജേഴ്‌സി നിലത്തു തന്നെയാണ് ഇടുകയെന്നും കളി കഴിഞ്ഞതിനു ശേഷം വളരെയധികം വിയർപ്പുണ്ടാകുന്നതു കൊണ്ടാണ് അങ്ങിനെ ചെയ്യുന്നതെന്നും പറഞ്ഞു. ലയണൽ മെസി ബൂട്ട് ഊരാൻ ശ്രമിച്ചപ്പോൾ യാദൃശ്ചികമായാണ് മെക്സിക്കൻ ജേഴ്‌സിയെ തട്ടി തെറിപ്പിച്ചതെന്നും അഗ്യൂറോ പറഞ്ഞു.

സംഭവത്തിൽ മെസിക്ക് പിന്തുണയായി മെക്‌സിക്കോയിൽ നിന്നുള്ള ആളുകളടക്കം വരുന്നുണ്ട്. കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിൽ റോഡ്രിഗോ ഡി പോൾ ബ്രസീലിനെ കളിയാക്കി പാട്ടു പാടാൻ മുതിർന്നപ്പോൾ അതിനെ വിലക്കിയ താരമാണ് ലയണൽ മെസി. അതുകൊണ്ടു തന്നെ എതിരാളികളെ ഇപ്പോഴും ബഹുമാനിക്കാൻ മെസിക്ക് അറിയാമെന്നും  അറിഞ്ഞു കൊണ്ട് ഇത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്നും ആളുകൾ വ്യക്തമാക്കുന്നു.

You Might Also Like