മുൻ പ്രീമിയർ ലീഗ് താരം ക്രിസ്റ്റ്യൻ അറ്റ്സു തുർക്കി ഭൂകമ്പത്തിൽ മരണപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ഏജന്റ്

ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലും വ്യാപകമായ നാശം വിതക്കുകയും പതിനായിരങ്ങൾ മരണപ്പെടാൻ കാരണമാവുകയും ചെയ്‌ത ഭൂകമ്പത്തിൽ മുൻ പ്രീമിയർ ലീഗ് താരമായ ക്രിസ്റ്റ്യൻ അറ്റ്സു മരണമടഞ്ഞതായി താരത്തിന്റെ ഏജന്റ് സ്ഥിരീകരിച്ചു. തുർക്കിഷ് ക്ലബായ ഹടായ്സ്പോറിനു വേണ്ടി കളിക്കുന്ന താരം താമസിച്ചിരുന്ന ഫഫ്ലാറ്റ് ഭൂകമ്പത്തിൽ തകർന്നതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി അറ്റ്സുവിന്റെ വിവരങ്ങൾ ലഭിച്ചിരുന്നില്ല.

ഭൂകമ്പം നടന്നതിനു ശേഷം അറ്റ്സു അപകടത്തിൽ പെട്ടിരിക്കാമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നെങ്കിലും താരത്തെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന വാർത്തകളും അതിനു പിന്നാലെ വന്നിരുന്നു. എന്നാൽ അതിനു ശേഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴും താരത്തെ സംബന്ധിച്ച ഒരു വിവരവും ലഭിച്ചില്ലെന്ന ഏജന്റിന്റെ വെളിപ്പെടുത്തൽ ആശങ്കയാണ് സമ്മാനിച്ചത്. ഇന്ന് അറ്റ്‌സുവിന്റെ മരണം സ്ഥിരീകരിക്കുകയും ചെയ്‌തു.

അറ്റ്‌സുവിന്റെ ഏജന്റായ മുറാത്താണ് പ്രസ്‌താവനയിലൂടെ താരത്തിന്റെ മരണം സ്ഥിരീകരിച്ചത്. ഹടായ് നഗരത്തിൽ അറ്റ്സു താമസിച്ചിരുന്ന ഫ്ലാറ്റ് തകർന്നതിന്റെ അവശിഷ്‌ടങ്ങളുടെ ഇടയിൽ നിന്നും താരത്തിന്റെ മൃതദേഹം ലഭിച്ചുവെന്നും ഒപ്പം മൊബൈൽ ഫോണും കിട്ടിയിട്ടുണ്ടെന്നും പ്രസ്‌താവന വ്യക്തമാക്കുന്നു. ഘാന താരത്തിന്റെ മറ്റു വസ്‌തുക്കൾ ലഭിക്കാനുണ്ടെന്നും അതിനായി തിരച്ചിൽ തുടരുന്നുണ്ടെന്നും ഏജന്റ് അറിയിച്ചു.

കഴിഞ്ഞ വർഷമാണ് സൗദി ലീഗിൽ കളിച്ചു കൊണ്ടിരുന്ന അറ്റ്സു തുർക്കിയിലേക്ക് വന്നത്. മൂന്നു മത്സരങ്ങളിൽ മാത്രമേ താരം ക്ലബിനായി കളിച്ചിട്ടുള്ളൂ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയുടെ താരമായിരുന്നു അറ്റ്സു. ചെൽസിക്ക് വേണ്ടി കളിച്ചിട്ടില്ലെങ്കിലും എവർട്ടൺ, ന്യൂകാസിൽ യുണൈറ്റഡ് എന്നീ ക്ലബുകൾക്ക് വേണ്ടി താരം ബൂട്ട് കെട്ടിയിട്ടുണ്ട്. ഘാന താരമായ അറ്റ്സു ദേശീയ ടീമിനായി 65 മത്സരങ്ങൾ കളിച്ച് പത്ത് ഗോളുകൾ നേടിയിട്ടുണ്ട്.

You Might Also Like