ലൂണയും സോട്ടിരിയോയും ഉടനെ പരിശീലനം ആരംഭിക്കും, ആരാധകർക്ക് സന്തോഷവാർത്തയുമായി ഇവാൻ വുകോമനോവിച്ച്

പരിക്കിന്റെ തിരിച്ചടികളിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പോയിക്കൊണ്ടിരിക്കുന്നത്. സീസണിന്റെ ആദ്യപകുതി കഴിഞ്ഞപ്പോൾ മികച്ച പ്രകടനത്തോടെ കിരീടപ്രതീക്ഷ നൽകിയ ടീമിപ്പോൾ തുടർച്ചയായ അഞ്ചു മത്സരങ്ങളിൽ തോൽവി വഴങ്ങി. ടീമിലെ പ്രധാന താരങ്ങളിൽ പലരും പരിക്കേറ്റു പുറത്തു പോയതാണ് ബ്ലാസ്റ്റേഴ്‌സിന്റെ തോൽവിക്ക് പ്രധാന കാരണമായത്.

സീസൺ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഓസ്‌ട്രേലിയൻ താരമായ ജൗഷുവ സോട്ടിരിയോ പരിക്കേറ്റു പുറത്തു പോയിരുന്നു. അതിനു ശേഷം ഐബാൻ, അഡ്രിയാൻ ലൂണ, പെപ്ര, സച്ചിൻ സുരേഷ് എന്നിവരും ഗുരുതരമായ പരിക്കേറ്റു പുറത്തു പോവുകയുണ്ടായി. ഈ താരങ്ങളൊന്നും ഈ സീസണിൽ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. പരിശീലകൻ ഇവാൻ വുകോമനോവിച്ചും ഇക്കാര്യം സ്ഥിരീകരിച്ചു.

അതേസമയം ആരാധകർക്ക് സന്തോഷവാർത്തയായി ടീമിന്റെ രണ്ടു വിദേശതാരങ്ങൾ ഉടനെ പരിശീലനം ആരംഭിക്കുമെന്നു പരിശീലകൻ വ്യക്തമാക്കിയിട്ടുണ്ട്. സീസൺ തുടങ്ങുന്നതിനു മുൻപ് പരിക്കേറ്റു പുറത്തു പോയ സോട്ടിരിയോയും ടീമിന്റെ നായകനായ അഡ്രിയാൻ ലൂണയും മാർച്ച് പകുതിയോടെ പരിശീലനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അവർ രണ്ടു പേരും ഈ സീസണിൽ കളിക്കില്ല.

പരിക്കേറ്റു സീസൺ മുഴുവൻ നഷ്‌ടമായ താരങ്ങൾക്ക് പുറമെ മറ്റു ചില താരങ്ങൾക്കും പരിക്ക് പറ്റി കുറച്ചു കാലം പുറത്തിരുന്ന് തിരിച്ചു വന്നിട്ടുണ്ട്. ഈ പരിക്കുകളെല്ലാം ബ്ലാസ്റ്റേഴ്‌സിന്റെ ഫോമിനെ ഒരുപാട് ബാധിച്ചിട്ടുണ്ട്. അതിൽ നിന്നുമുള്ള ഒരു തിരിച്ചുവരവാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്രതീക്ഷിക്കുന്നത്. പുതിയ താരങ്ങൾ ഇണങ്ങിച്ചേർന്നാൽ അതിനു കഴിയുമെന്ന് അവർ വിശ്വസിക്കുന്നു.

You Might Also Like