ഇല്ല അവന്‍ തിരിച്ചുവരില്ല, ക്രിക്കറ്റ് ലോകത്തിന് ഞെട്ടല്‍ സമ്മാനിച്ച് വീണ്ടും എബി ഡിവില്ലേഴ്‌സ്

ക്രിക്കറ്റ് ലോകത്തെ ദശലക്ഷകണക്കിന് ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലേഴ്‌സിനെ കുറിച്ച് പുറത്ത് വരുന്നത്. ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരില്ലെന്ന് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക വ്യക്തമാക്കി.
2018 മെയ്യിലാണ് ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്. എന്നാല്‍ വിവിധ ഫ്രാഞ്ചസി ടി20 ലീഗുകളില്‍ ഡിവില്ലേഴ്‌സ് തുടര്‍ന്നും കളിച്ച് പോന്നു. പാതിവഴിയില്‍ നിര്‍ത്തിവെച്ച ഐപിഎല്ലില്‍ വരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ പ്രധാന താരമായിരുന്നു ഡിവില്ലേഴ്‌സ്.
ഇതോടെയാണ് ഡിവില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങി വരും എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്. ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചറും ഡിവില്ലേഴ്‌സിന്റെ തിരിച്ചുവരവിന് പച്ചക്കൊടി വീശിയിരുന്നു. ഇതോടെ ഈ വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കുന്ന ടി20 ലോകകപ്പില്‍ കളിയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ഡിവില്ലേഴ്‌സ് തിരിച്ചുവരില്ലെന്ന വാര്‍ത്ത പുറത്ത് വരുന്നത്.
മടങ്ങി വരവ് സംബന്ധിച്ച് ഡിവില്ലേഴ്‌സുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും താരത്തിന്റെ വിരമിക്കല്‍ തുടരുമെന്ന് തീരുമാനമായെന്നും ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക പ്രസ്താവനയില്‍ അറിയിച്ചു.
ദക്ഷിണാഫ്രിക്കക്കായി 114 ടെസ്റ്റുകളിലും 228 ഏകദിനങ്ങളിലും 78 ടി-20കളിലും പാഡണിഞ്ഞ എബി ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളാണ്.