തോറ്റാല്‍ പരമ്പര മാത്രമല്ല ഒന്നാം റാങ്കും നഷ്ടമാകും, ഇന്ത്യയ്ക്ക് അതിനിര്‍ണ്ണായകം

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ തോറ്റാല്‍ ഇന്ത്യയെ ബാധിക്കുക ഇരട്ട നഷ്ടം. ഏകദിന പരമ്പര കൈവിടും എന്നതിനൊപ്പം നിലവിലെ ഒന്നാം റാങ്കും ഇന്ത്യയ്ക്ക് നഷ്ടമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇത് ഇന്ത്യയ്ക്ക് മൂന്നാം ഏകദിനം നിര്‍ണ്ണായകമാക്കിയിരിക്കുകയാണ്.

നിലവില്‍ പുരുഷ ഏകദിന ക്രിക്കറ്റില്‍ ഒന്നാം നമ്പര്‍ ടീം ഇന്ത്യയാണ്. അവസാന 8 ഏകദിന പരമ്പരകളും ജയിച്ച ഇന്ത്യന്‍ ടീമിന് 114 റേറ്റിംഗ് പോയിന്റുകളാണുള്ളത്. വിശാഖപട്ടണത്തെ രണ്ടാം ഏകദിനത്തില്‍ 10 വിക്കറ്റിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയതോടെ ഓസീസിന്റെ പോയിന്റ് നില 112ലെത്തി.

ചെന്നൈ ഏകദിനത്തില്‍ ഓസീസിനോട് പരാജയപ്പെട്ടാല്‍ ടീം ഇന്ത്യയുടെ ഒന്നാംസ്ഥാനം നഷ്ടമാകും. ഓസീസ് 2-1ന് പരമ്പര വിജയിച്ചാല്‍ ഇരു ടീമുകള്‍ക്കും 113 റേറ്റിംഗ് പോയിന്റുകള്‍ വീതമാകും.

അതേസമയം വിജയിച്ചാല്‍ ഇന്ത്യക്ക് പോയിന്റ് 115ലേക്ക് ഉയര്‍ത്തുകയും ചെയ്യാം. 111 റേറ്റിംഗ് പോയിന്റ് വീതമുള്ള ന്യൂസിലന്‍ഡും ഇംഗ്ലണ്ടുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍. 106 പോയിന്റുമായി പാകിസ്ഥാന്‍ അഞ്ചാമത് നില്‍ക്കുന്നു.

ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ അഞ്ച് വിക്കറ്റിനാണ് ജയിച്ചത്. എന്നാല്‍ രണ്ടാം മത്സരം ഓസ്‌ട്രേലിയ 10 വിക്കറ്റിന് ജയിച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

You Might Also Like