പുതിയ ക്ലബ്ബിനെ തിരഞ്ഞെടുത്ത് സിദാൻ, പിഎസ്‌ജിയെ തഴഞ്ഞു

റയൽ മാഡ്രിഡിൽ വളരെ ചെറിയ കാലഘട്ടം കൊണ്ട് തന്നെ അസാമാന്യമായ നേട്ടങ്ങൾ സ്വന്തമാക്കിയ പരിശീലകനാണ് സിനദിൻ സിദാൻ. രണ്ടു തവണകളായി നാലര വർഷത്തോളം റയൽ മാഡ്രിഡ് പരിശീലകനായ സിദാൻ മൂന്നു ചാമ്പ്യൻസ് ലീഗും രണ്ടു ലീഗുമടക്കം നിരവധി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

റയൽ മാഡ്രിഡിന്റെ പരിശീലകസ്ഥാനം രണ്ടു വർഷങ്ങൾക്ക് മുൻപേ ഒഴിഞ്ഞ സിദാൻ മറ്റൊരു ക്ലബിനെയും പരിശീലിപ്പിക്കാൻ തയ്യാറായിരുന്നില്ല. ലോകകപ്പിന് ശേഷം ഫ്രാൻസ് ടീമിന്റെ പരിശീലകനായി ചുമതല ഏറ്റെടുക്കാമെന്നാണ് സിദാൻ കരുതിയിരുന്നത്. എന്നാൽ ലോകകപ്പിന് ശേഷം ദെഷാംപ്‌സിന് തന്നെ വീണ്ടും കരാർ നൽകിയതോടെ സിദാന്റെ മോഹം  പൊലിഞ്ഞു.

അടുത്ത സീസണിൽ ക്ലബ് പരിശീലകനായി തിരിച്ചെത്താനിരിക്കുന്ന സിദാൻ തന്റെ ക്ലബ്ബിനെ കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. താൻ മുൻപ് കളിച്ചിട്ടുള്ള ഇറ്റാലിയൻ ക്ലബായ യുവന്റസാണ് സിദാൻ ചേക്കേറാൻ ആഗ്രഹിക്കുന്നത്. യുവന്റസിനായി 212 മത്സരങ്ങൾ കളിച്ച താരമാണ് സിദാൻ.

ചെൽസി, പിഎസ്‌ജി എന്നീ ക്ലബുകൾ സിദാന് വേണ്ടി ശ്രമം നടത്തിയിരുന്നു. എന്നാൽ പ്രീമിയർ ലീഗിൽ ഇപ്പോൾ പരിശീലിപ്പിക്കാൻ സിദാനു താൽപര്യമില്ല. പിഎസ്‌ജിയുടെ ഓഫർ പൂർണമായും തഴഞ്ഞില്ലെങ്കിലും തന്റെ മുൻ ക്ലബിനാണ് സിദാൻ പരിഗണന കൊടുക്കുന്നത്.

എന്നാൽ സിദാന്റെ ആഗ്രഹം നടക്കുമോയെന്നത് സംശയമാണ്. നിലവിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന യുവന്റസ് യൂറോപ്പ ലീഗിൽ സെമിയിൽ എത്തിയിട്ടുണ്ട്. യൂറോപ്പ ലീഗ് കിരീടം നേടി ലീഗിൽ നല്ലൊരു പൊസിഷനിൽ ഫിനിഷ് ചെയ്‌താൽ അല്ലെഗ്രി തന്നെ തുടരാനാണ് സാധ്യത.

You Might Also Like