സൗദിയിൽ ഗോളടിച്ചു കൂട്ടാമെന്നു റൊണാൾഡോ കരുതുന്നുണ്ടെങ്കിൽ അത് നടന്നേക്കില്ല. മുന്നറിയിപ്പുമായി സാവി

സൗദി അറേബ്യൻ ലീഗിലേക്ക് ചേക്കേറിയതിനു ശേഷം നടന്ന പത്രസമ്മേളനത്തിൽ റൊണാൾഡോ വെളിപ്പെടുത്തിയത് യൂറോപ്പിൽ എല്ലാ റെക്കോർഡുകളും നേട്ടങ്ങളും താൻ സ്വന്തമാക്കിയെന്നും ഇനി സൗദി ക്ലബിനൊപ്പം റെക്കോർഡുകൾ നേടുകയാണ് തന്റെ ലക്ഷ്യമെന്നുമാണ്. യൂറോപ്പിൽ തിളങ്ങിയ തന്നെപ്പോലൊരു താരത്തിന് സൗദി ലീഗിൽ ഗോളുകൾ അടിച്ചു കൂട്ടാൻ കഴിയുമെന്നാണ് റൊണാൾഡോ കരുതുന്നുണ്ടാവുക. അതുവഴി ലോകഫുട്ബോളിൽ തന്റെ ആധിപത്യം നിലനിർത്താൻ കഴിയുമെന്നും റൊണാൾഡോ വിശ്വസിക്കാനിടയുണ്ട്.

എന്നാൽ റൊണാൾഡോ കരുതുന്നതു പോലെ സൗദി ലീഗ് എളുപ്പമാകില്ലെന്നാണ് ബാഴ്‌സലോണ പരിശീലകൻ സാവി പറയുന്നത്. സൗദി ലീഗിൽ ഇല്ലായിരുന്നെങ്കിലും ഖത്തർ ലീഗിൽ അൽ സദ്ദ് ക്ലബിന്റെ പരിശീലകനായിരുന്നു സാവി ഹെർണാണ്ടസ്. ആ സമയത്ത് സൗദിയിലെ ചില ക്ലബുകളെ സാവി നേരിട്ടിട്ടുണ്ട്. ആ പരിചയം വെച്ചാണ് സാവി റൊണാൾഡോക്ക് മുന്നറിയിപ്പ് നൽകിയത്. അതേസമയം താരത്തിന് സൗദി ലീഗിൽ വ്യത്യാസം സൃഷ്‌ടിക്കാൻ കഴിയുമെന്നും സാവി പറഞ്ഞു. ഇന്ന് നടക്കാനിരിക്കുന്ന സ്‌പാനിഷ്‌ സൂപ്പർകപ്പ് മത്സരത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു സാവി.

“റൊണാൾഡോ ചേക്കേറിയിരിക്കുന്നത് സൗദി അറേബ്യയിലെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നിലേക്കാണ്, എന്നാൽ താരത്തെ സംബന്ധിച്ച് അതൊരു വെല്ലുവിളിയാണ്. ഈ ലീഗ് വളരെ സങ്കീർണത നിറഞ്ഞതാണ്. അൽ സദ്ദിനെ പരിശീലിപ്പിക്കുന്ന സമയത്ത് ആ ലീഗിലെ നിരവധി ടീമുകളെ ഞാൻ നേരിട്ടിട്ടുണ്ട്. റൊണാൾഡോക്കാതൊരു വെല്ലുവിളി തന്നെയാണ്, എന്നാൽ ലീഗിൽ വ്യത്യസ്‌തത സൃഷ്‌ടിക്കാൻ റൊണാൾഡോക്ക് കഴിയും.” സാവി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു.

സൗദി ലീഗിൽ പുതിയ റെക്കോർഡുകൾ തകർക്കാൻ ഒരുങ്ങുന്ന റൊണാൾഡോക്ക് രാജ്യത്ത് നടക്കുന്ന ആദ്യത്തെ മത്സരത്തിൽ തന്നെ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ അവസരമുണ്ട്. 19നു പിഎസ്‌ജിക്കെതിരെ സൗദി അറേബ്യ ഓൾ സ്റ്റാർ ഇലവനിലാണ് റൊണാൾഡോ ആദ്യമായി സൗദിയിൽ ഇറങ്ങാൻ സാധ്യത. മെസിയടക്കമുള്ള താരനിരയുള്ള ടീമിനെതിരെ റൊണാൾഡോക്ക് വിജയം നേടാനും ഗോളുകൾ നേടാനും കഴിഞ്ഞാൽ താരത്തിന്റെ ആരാധകർ അത് ആഘോഷിക്കും. സൗദി ലീഗിൽ റൊണാൾഡോയുടെ അരങ്ങേറ്റം 22നു നടക്കുന്ന മത്സരത്തിലാണ്.

You Might Also Like