മുന്‍തൂക്കം കിവീസിനെന്ന്, ടീം ഇന്ത്യയെ ‘കൈവിട്ട്’ ഗാംഗുലിയും

സതാംപ്ടണില്‍ നടക്കുന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പുതിയ സാഹചര്യത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് നേരിയ മുന്‍തൂക്കമുണ്ടെന്ന് ബിസിസിഐ പ്രസിഡന്റും മുന്‍ നായകനുമായ സൗരവ് ഗാംഗുലി. ഫൈനലിന് മുമ്പ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിക്കുകയും അത് ജയിക്കുകയും ചെയ്തതാണ് കിവീസിന് മുന്‍തൂക്കം നല്‍കുന്നതെന്നും ഗാംഗുലി വ്യക്തമാക്കി.

‘തീര്‍ച്ചയായും ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് നേരിയ മുന്‍തൂക്കമുണ്ട്. കാരണം ഇതേ സാഹചര്യങ്ങളില്‍ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ തോല്‍പ്പിച്ചാണ് ന്യൂസിലന്‍ഡ് ഫൈനലിറങ്ങുന്നത്. അതത്ര എളുപ്പമുള്ള കാര്യമല്ല. അതും അവരുടെ പ്രധാന താരങ്ങളായ കെയ്ന്‍ വില്യംസണും കെയ്ല്‍ ജമൈസണും ടിം സൗത്തിയും ഇല്ലാതെ തന്നെ. അവരുടെ മൂന്ന് പ്രധാന താരങ്ങളാണ് അവര്‍ മൂന്നുപേരുമെന്ന് ഓര്‍ക്കണം’ ഗാംഗുലി പറഞ്ഞു.

‘അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ പരമ്പര കളിക്കാനായത് ന്യൂസിലന്‍ഡിന് അധിക ആനുകൂല്യം നല്‍കുന്നുണ്ട്. ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കാനായത് അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും’ ഗാംഗുലി കൂട്ടിചേര്‍ത്തു.

‘അവര്‍ക്ക് ടെന്റ് ബോള്‍ട്ടിനെയും മാറ്റ് ഹെന്റിയെയും നീല്‍ വാഗ്‌നറെയും പോലുള്ള ബൗളര്‍മാരും വില്‍ യംഗിനെ പോലുള്ള യുവതാരങ്ങളുമുണ്ട്. എന്നാല്‍ ഐപിഎല്‍ കളിച്ചശേഷം നേരെ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കുറച്ചു സമയം എടുത്തേക്കും. എങ്കിലും സതാംപ്ടണില്‍ ഇരു ടീമും ഒന്നില്‍ നിന്നാണ് തുടങ്ങേണ്ടത്. തുല്യ ശക്തികള്‍ തമ്മിലുള്ള പോരാടടം ആവേശകരമായിരിക്കും’ ഗാംഗുലി പറഞ്ഞു.

You Might Also Like