ഇനി കളിമാറും കഥമാറും; ലോകപ്പില്‍ ജീവന്‍മരണപോരാട്ടത്തിന്റെ നാല് നാളുകള്‍

ഖത്തര്‍ലോകകപ്പില്‍ ഓരോടീമുകളും രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ഇന്ന് മുതല്‍ മരണപ്പോരാട്ടം. നിലവില്‍ ഫ്രാന്‍സ്, ബ്രസീല്‍, പോര്‍ച്ചുഗല്‍ ടീമുകളെല്ലാം ക്വാര്‍ട്ടറുറപ്പിച്ചു. എന്നാല്‍ മറ്റുടീമുകള്‍ക്ക് അവസാന മത്സരഫലമനുസരിച്ചാണ് മുന്നോട്ടുള്ള യാത്രയ്ക്ക് വഴിയൊരുങ്ങുക. പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരം ഇന്ന് ആരംഭിക്കും. ഗ്രൂപ്പ് എയിലും ബിയിലുമാണ് ഇന്ന് മത്സരങ്ങളുള്ളത്. എ ഗ്രൂപ്പില്‍ നെതര്‍ലാന്‍ഡ് ആതിഥേയരായ ഖത്തറിനേയും ഇക്വഡോര്‍ സെനഗലിനേയും നേരിടും. ആദ്യ രണ്ട് കളിയുംതോറ്റ് ലോകകപ്പില്‍ നിന്ന് ഖത്തര്‍ പുറത്തായെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്‍മാരായി വിജയിച്ചുകയറാന്‍ നെതര്‍ലാന്‍ഡിന് ജയം അനിവാര്യമാണ്. സെനഗല്‍-ഇക്വഡോര്‍ മത്സരവിജയിയ്ക്ക് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാം. സമനിലപോലും ഇക്വഡോറിനെ സുരക്ഷിതമാക്കുമെങ്കില്‍ ആഫ്രിക്കന്‍ ടീമിന് ജയത്തില്‍ കുറഞ്ഞൊന്നും പറ്റില്ല.


ഗ്രൂപ്പ് ബിയില്‍ ഇറാന്റെ എതിരാളികള്‍ യു.എസ്.എയാണ്. ഒരുജയവും തോല്‍വിയുള്ള ഇറാന് ഇന്ന് ജയിച്ചാല്‍ മുന്നേറാം. രണ്ട് സമനിലയുള്ള യു.എസ്.എക്കും വിജയം അനിവാര്യമാണ്. ഇതേഗ്രൂപ്പില്‍ ഇംഗ്ലണ്ടും അയല്‍ക്കാരായ വെല്‍സും ഏറ്റുമുട്ടും. ആദ്യകളി ആധികാരികമായി തുടങ്ങിയെങ്കിലും യു.എസ്.എയ്‌ക്കെതിരായ സമനില ഇംഗ്ലണ്ടിന് തിരിച്ചടിയായി. ഇന്ന് വെയില്‍സിനെതിരെ ജയിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി മുന്നേറാനാകും. ഒത്തുകളി ഒഴിവാക്കാന്‍ അവസാന ഗ്രൂപ്പ് മത്സരങ്ങളെല്ലാം ഒരേസമയത്താണ് നടക്കുക. നാളെ 8.30ന് നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ടുനീഷ്യ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെയാണ് നേരിടുന്നത്.

ആദ്യരണ്ട് ജയത്തോടെ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ച ഫ്രാന്‍സിന് ഇന്ന് സമ്മര്‍ദ്ദമില്ലാതെ കളിക്കാനാകും. ഓസ്‌ട്രേലിയോട് തോല്‍ക്കുകയും ഡെന്‍മാര്‍ക്കിനോട് സമനിലയില്‍ പിരിയുകയും ചെയ്ത ടുണീഷ്യയ്ക്ക് തോല്‍വി പുറത്തേക്കുള്ള വഴിതുറക്കും. മറ്റൊരു മത്സരത്തില്‍ ഡെന്‍മാര്‍ക്കിനും ഓസ്‌ട്രേലിയക്കും വിജയിക്കണം. രാത്രി 12.30നാണ് ലോകം കാത്തിരിക്കുന്ന അര്‍ജന്റീന-പോളണ്ട് പോരാട്ടമുള്ളത്. ജയിച്ചാല്‍ അര്‍ജന്റീനക്ക് ആധികാരികമായി പ്രീക്വാര്‍ട്ടറിലെത്താം. സമനിലയാണെങ്കില്‍ മറ്റുടീമുകളുടെ പ്രകടനത്തെ ആശ്രയിക്കേണ്ടിവരും. സൗദി അറേബ്യ-മെക്‌സിക്കോ പോരാട്ടത്തിലെ വിജയികള്‍ക്ക് മുന്നേറാനാകും.

മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍,ജര്‍മനി എന്നിവര്‍ക്കും യൂറോപ്പിലെ സൂപ്പര്‍ ടീമുകളായ ക്രൊയേഷ്യ-ബെല്‍ജിയം ടീമുകള്‍ക്കും അവസാന മത്സരത്തിലെ ജയം മുന്നോട്ടുള്ള യാത്രക്ക് പ്രധാനമാണ്. രണ്ടാംസ്ഥാനക്കാരായി പ്രവേശിച്ചാല്‍ പ്രീക്വാര്‍ട്ടറില്‍ കരുത്തരായ ടീമുകളെ നേരിടേണ്ടിവന്നു സാഹചര്യം ഒഴിവാക്കാനായി ഒന്നാം സ്ഥാനത്തോടെ റൗണ്ട് 16ല്‍ എത്താനാകും പ്രധാന ടീമുകള്‍ ശ്രമിക്കുക.

You Might Also Like