സാഞ്ചോ ചെറിയ മീനല്ല; വെറുതെയല്ല യുണൈറ്റഡിന്റെ ആവേശത്തിന് അതിരില്ലാതാവുന്നത്

ബൊറൂഷ്യ ഡോർട്ട്മുണ്ട് യുവതാരം ജേഡൻ സാഞ്ചോയെ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെത്തിച്ചത് ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. യുണൈറ്റഡ് സമീപകാലത്ത് നടത്തിയ ഏറ്റവും മികച്ച നീക്കമായാണ് സാഞ്ചോയുടെ വരവ് വിലയിരുത്തപ്പെടുന്നത്.


എന്തു കൊണ്ടാണ് സാഞ്ചോയുടെ വരവ് ഇത്രയും ആഘോഷിക്കപ്പെടുന്നത്?
കഴിഞ്ഞ സീസണുകളിൽ ഫുട്ബോളിൽ നമ്മൾ ഉയർന്നുകേട്ട ഏറ്റവും വലിയ പേരുകളിലൊന്നും തന്നെ സാഞ്ചോ ഉണ്ടായിരിക്കില്ല. എന്നിട്ടും ഈ ട്രാൻസ്‌ഫർ ഇത്രയും വലിയ ഓളമുണ്ടാക്കിയെങ്കിൽ അതിന് വ്യക്തമായ കാരണമുണ്ട്. കഴിഞ്ഞ സീസണുകളിൽ സാഞ്ചോയുടെ നേട്ടങ്ങൾ ഒന്ന് നോക്കാം.

കഴിഞ്ഞ മൂന്ന് സീസണുകളിലായി ഡോർട്ട്മുണ്ടിലുള്ള സാഞ്ചോ 92 മത്സരങ്ങളിൽ നിന്നും 37 ഗോളുകൾ അടിച്ചുകൂട്ടുകയും ഒപ്പം മറ്റു 41 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു. എന്നിട്ടും ഇപ്പോഴും പ്രായം വെറും 21 വയസ്സ്. ഈ കണക്കുകൾ പ്രീമിയർ ലീഗിലോ, ലാലീഗയിലൊ ഉള്ള ഒരു യുവതാരത്തിന്റേതാണ് എന്നൊന്ന് ഊഹിച്ചു നോക്കൂ. എത്ര വലിയ രീതിയിൽ അയാൾ ആഘോഷിക്കപ്പെട്ടിട്ടുണ്ടാവും.


ജർമൻ ലീഗിൽ ബയേണിന്റെ അപ്രമാദിത്യത്തിന് മുന്നിൽ അർഹിക്കുന്ന ശ്രദ്ധ കിട്ടാതെ പോയെങ്കിലും അത് സാഞ്ചോയുടെ കരിയറിനെ മറ്റൊരുതരത്തിൽ സഹായിച്ചുവെന്ന് പറയാതെ പറ്റില്ല. ഇംഗ്ലീഷ് മാധ്യമങ്ങളുടെ, നിരന്തര വിശകലനത്തിനും, ആരാധകരുടെ അമിതപ്രതീക്ഷകൾക്കും ഇടകൊടുക്കാതെ ലോകത്തെ ഏറ്റവും മികച്ച അറ്റാക്കിങ് മിഡ്ഫീൽഡർമാരിൽ ഒരാളായി വളരാൻ സാഞ്ചോയ്ക്ക് കഴിഞ്ഞു. യഥാർത്ഥത്തിൽ ഡോർട്ട്മുണ്ടിന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട മറ്റൊരു യുവതാരം ഹാളണ്ടിന്റെ മിക്കവാറും ഗോളുകൾ സാഞ്ചോയുടെ സംഭവനയായിരുന്നുവെന്ന് അറിയുമ്പോഴാണ് താരത്തിന്റെ പ്രാധാന്യം ബോധ്യമാവുക.


ഈ കണക്കുകൾ മാത്രമല്ല സാഞ്ചോയുടെ ട്രാൻസ്‌ഫർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച നീക്കമാക്കുന്നത്. വെറും 21 വയസ്സ് മാത്രമുള്ള സാഞ്ചോയ്ക്കായി 5 വർഷത്തെ കരാറാണ് യുണൈറ്റഡ് നീട്ടിയിരിക്കുന്നത്. പ്രത്യേകിച്ച് പരിക്കുകളോ മറ്റോ സംഭവിച്ചില്ലെങ്കിൽ അടുത്ത പത്തുവർഷത്തേക്കെങ്കിലും ചുവന്ന ചെകുത്താന്മാർക്കൊപ്പം സാഞ്ചോ ഉണ്ടാവുമെന്നുറപ്പാണ്.

സാഞ്ചോയുടെ വരവ് യുണൈറ്റഡിന്റെ മധ്യനിരക്ക് നൽകുന്ന സ്വാതന്ത്ര്യം വളരെ വലുതാണ്. ഇരുവിങ്ങുകളിലും അതിവേഗം ഓടിക്കളിക്കാൻ കഴിയുന്ന സാഞ്ചോക്ക് മധ്യനിരയിൽ നിന്നും പന്തെത്തിക്കാൻ പോഗ്ബയെപോലുള്ള മികച്ച താരങ്ങൾ യുണൈറ്റഡിലുണ്ട്. കളിവിലയിരുത്താൻ (game awareness) അസാമാന്യകഴിവുള്ള സാഞ്ചോ സ്‌ട്രൈക്കർക്ക് നിർണായകമായ ആ അവസാനത്തെ പന്തെത്തിക്കാൻ മിടുക്കനാണ്.

അതിവേഗ കൗണ്ടറുകളിൽ മറ്റു താരങ്ങൾ ഓടിയെത്തുംവരെ പന്ത് കാലിൽ സൂക്ഷിക്കാനും മികച്ച പാസിങ്ങിലൂടെ അവസരങ്ങൾ ഒരുക്കാനും മിടുക്കുള്ള താരമാണ് സാഞ്ചോ. ഡോർട്ട്മുണ്ടിൽ ഇത് എത്രയോ തവണ കാണികളെ ആവേശം കൊള്ളിച്ചതുമാണ്. ഇതിനെല്ലാം പുറമെ യൂറോപ്പിലെ ഏതു സൂപ്പർതാരവും ഒപ്പം കളിക്കാൻ കൊതിക്കുന്ന യുവനിരയെ സാഞ്ചോയ്ക്ക് ചുറ്റും കെട്ടിപ്പടുക്കാൻ ഇനി യുണൈറ്റഡിനാവും. നീണ്ട കാലത്തേക്കുള്ള കരാർ ഇതിനുള്ള സ്വാതന്ത്ര്യം യുണൈറ്റഡിന് നൽകുന്നുണ്ട്.

ഇപ്പോൾ തന്നെ പോഗ്ബയും, ബ്രൂണോ ഫെർണാണ്ടസും, അണിനിരക്കുന്ന മധ്യനിരയെ സഹായിക്കാൻ സാഞ്ചോ എത്തുന്നതോടെ ഏതൊരു സ്‌ട്രൈക്കറും കൊതിക്കുന്ന കളിമികവ് യുണൈറ്റഡ് മധ്യനിരക്ക് കൈവന്നുകഴിഞ്ഞു. ഇതിനെല്ലാം പുറമെ ഫ്രാൻസിന്റെ യുവ ഡിഫൻഡർ റാഫേൽ വരാനെയെ കൂടി ടീമിലെത്തിക്കാൻ യുണൈറ്റഡ് തയ്യാറെടുത്തിരിക്കുയാണ്.

You Might Also Like