ക്ളോപ്പിനു പകരക്കാരനെ കണ്ടെത്തി ലിവർപൂൾ, സ്വന്തമാക്കാൻ നീക്കങ്ങൾ ആരംഭിച്ചു

ഈ സീസണോടെ ലിവർപൂൾ വിടുമെന്ന് പ്രഖ്യാപിച്ച യാർഗൻ ക്ളോപ്പിനു പകരക്കാരനെ ലിവർപൂൾ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ. 2015 മുതൽ ലിവർപൂൾ പരിശീലകനായ ക്ളോപ്പ് കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ക്ലബ് വിടുകയാണെന്ന് പ്രഖ്യാപിച്ചത്. തനിക്ക് ഊർജ്ജം കുറവായെന്നും ഒരു വർഷത്തെ വിശ്രമം ആവശ്യമാണെന്നുമാണ് ക്ളോപ്പ് അതിനു കാരണമായി പറഞ്ഞത്.

എന്തായാലും ക്ളോപ്പിന് പകരക്കാരനായി മികച്ചൊരു പരിശീലകനെ തന്നെ ലിവർപൂൾ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുൻ ലിവർപൂൾ താരവും നിലവിൽ ജർമൻ ക്ലബായ ബയേർ ലെവർകൂസൻറെ പരിശീലകനുമായ സാബി അലോൻസോയെയാണ് ക്ളോപ്പിന്റെ പകരക്കാരനായി പരിഗണിക്കുന്നത്. കഴിഞ്ഞ സീസണിൽ പരിശീലകനായ അലോൻസോക്ക് കീഴിൽ മികച്ച ഫോമിലാണ് ലെവർകൂസൻ.

നിലവിലെ യൂറോപ്പിലെ പ്രധാനപ്പെട്ട ലീഗുകളിൽ ഇതുവരെ തോൽവിയറിയാത്ത ക്ലബ് അലോൺസോ നയിക്കുന്ന ലെവർകൂസൻ മാത്രമാണ്. ബയേൺ മ്യൂണിക്കിനെപ്പോലെ വമ്പൻ ക്ലബുകൾ ആധിപത്യം സ്ഥാപിക്കുന്ന ലീഗിലാണ് അലോൺസോ തന്റെ മാജിക്ക് കാണിക്കുന്നത്. അതിനു പുറമെ പരിമിതമായ വിഭവങ്ങളെ വെച്ച് മനോഹരമായ ഫുട്ബോൾ കളിക്കാനും അദ്ദേഹത്തിന് കഴിയുന്നു.

എന്നാൽ ലിവർപൂളിന്റെ ഓഫറിനോട് അലോൺസോ ഇപ്പോൾ പ്രതികരിക്കാൻ സാധ്യതയില്ല. നിലവിൽ ബയേർ ലെവർകൂസനെ ജർമനിയിലെ ചാമ്പ്യന്മാരാക്കുന്നതിലാണ് താരം പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ സീസൺ കഴിഞ്ഞതിനു ശേഷം അദ്ദേഹം ഓഫർ പരിഗണിച്ചേക്കും. ലിവർപൂളിൽ അഞ്ചു വർഷത്തോളം കളിച്ചിട്ടുള്ള താരമാണ് അലോൺസോ.

You Might Also Like