അർജന്റീന താരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹീറോ, ഇരട്ടഗോളുകളുമായി ഗർനാച്ചോയുടെ മിന്നും പ്രകടനം

Image 3
EPL

മാഞ്ചസ്റ്റർ യുണൈറ്റഡിലെ പുതിയ താരോദയമായി ഏവരും വാഴ്ത്തുന്ന ഗർനാചായുടെ മറ്റൊരു ഗംഭീര പ്രകടനത്തിന് കഴിഞ്ഞ ദിവസം പ്രീമിയർ ലീഗ് സാക്ഷ്യം വഹിക്കുകയുണ്ടായി. ഇന്നലെ വെസ്റ്റ് ഹാം യുണൈറ്റഡുമായി നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയപ്പോൾ രണ്ടു ഗോളുകളും നേടിയത് അർജന്റീന താരമായിരുന്നു.

ഈ സീസണിന്റെ തുടക്കത്തിൽ ടീമിലെത്തിയ ഹൊയ്‌ലുണ്ടിന്റെ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിലെത്തിയ മത്സരത്തിൽ രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. ബ്രൂണോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ ആദ്യത്തെ ഗോൾ നേടിയ ഗർനാച്ചോ അതിനു ശേഷം മാക്റ്റോമിനി വഴിയൊരുക്കി മറ്റൊരു ഗോൾ കൂടി നേടി ടീമിന്റെ വിജയം മികച്ചതാക്കി.

ഗോൾ നേടിയതിനു ശേഷം തന്റെ ആരാധനാപാത്രമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സെലിബ്രെഷൻ ഗർനാച്ചോ അനുകരിച്ചിരുന്നു. ഗർനാച്ചോ മാതൃകയാക്കേണ്ടത് റൊണാൾഡോയെ അല്ലെന്നും മെസിയെ ആണെന്നും താനായിരുന്നെങ്കിൽ മെസിയുടെ സെലിബ്രെഷനാകും അനുകരിക്കുകയെന്നും ഡി മരിയ പറഞ്ഞിരുന്നു. അതിനുള്ള മറുപടി കൂടിയായിരുന്നു ആ സെലിബ്രെഷൻ.

മത്സരത്തിൽ ഇരട്ടഗോൾ നേടിയതോടെ ഈ സീസണിൽ പ്രീമിയർ ലീഗിൽ അർജന്റീന താരം അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട്. അതിനു പുറമെ രണ്ടു ഗോളുകൾക്ക് വഴിയൊരുക്കാനും താരത്തിന് കഴിഞ്ഞു. വെറും പത്തോമ്പത് വയസ് മാത്രം പ്രായമുള്ള താരം തന്റെ പ്രതിഭ വീണ്ടും വീണ്ടും തെളിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാവി ഭദ്രമാണെന്ന് വ്യക്തമാക്കിക്കൊണ്ടിരിക്കുന്നു.