മാഞ്ചസ്റ്റർ സിറ്റിയെ നാലാം സ്ഥാനത്തേക്ക് വീഴ്ത്തിയ എമറിപ്പട, പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയുടെ കുതിപ്പ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ അപ്രതീക്ഷിതമായ കുതിപ്പാണ് ആസ്റ്റൺ വില്ല നടത്തുന്നത്. യൂറോപ്പിലെ വിവിധ ക്ലബുകളെ പരിശീലിപ്പിച്ച് വളരെയധികം പരിചയസമ്പത്തുള്ള ഉനെ എമറി മാനേജരായി എത്തിയതിനു ശേഷം മികച്ച പ്രകടനം നടത്തി പടിപടിയായി ഉയർന്നു വരുന്ന ആസ്റ്റൺ വില്ല കഴിഞ്ഞ ദിവസം കീഴടക്കിയത് നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെയാണ്.

ആസ്റ്റൺ വില്ലയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഒരു ഗോളിന് മാത്രമാണ് വിജയിച്ചതെങ്കിലും മത്സരത്തിൽ വില്ലയുടെ സമ്പൂർണാധിപത്യമാണ് നടന്നത്. ഇരുപത്തിരണ്ടു ഷോട്ടുകൾ ആസ്റ്റൺ വില്ല ഉതിർത്തപ്പോൾ ആക്രമണഫുട്ബോൾ കളിക്കുന്നതിൽ പേരുകേട്ട ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി രണ്ടേ രണ്ടു ഷോട്ടുകൾ മാത്രമേ അടിച്ചുള്ളൂ. ഇതിൽ നിന്ന് തന്നെ ആസ്റ്റൺ വില്ല സ്വന്തം മൈതാനത്ത് നടത്തിയ പ്രകടനം എത്ര മികച്ചതാണെന്ന് വ്യക്തമാണ്.

മത്സരത്തിൽ നിരവധി ഗംഭീര അവസരങ്ങൾ ആസ്റ്റൺ വില്ലക്ക് ലഭിച്ചെങ്കിലും അതൊന്നും കൃത്യമായി മുതലെടുക്കാൻ കഴിഞ്ഞില്ല. അതിനു പുറമെ മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ എഡേഴ്‌സനും മത്സരത്തിൽ മികച്ച പ്രകടനം നടത്തി. എഴുപത്തിനാലാം മിനുട്ടിൽ ലിയോൺ ബെയ്‌ലിയാണ് ആസ്റ്റൺ വില്ലയുടെ വിജയഗോൾ നേടുന്നത്. ആദ്യപകുതിയിൽ ഹാലാൻഡ് രണ്ടു ഷോട്ടുകൾ ഉതിർത്തെങ്കിലും അതെല്ലാം എമിലിയാണോ മാർട്ടിനസ് രക്ഷപ്പെടുത്തി.

മത്സരത്തിലെ വിജയത്തോടെ ആസ്റ്റൺ വില്ല ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. വില്ലക്ക് മുപ്പത്തിരണ്ട് പോയിന്റുള്ളപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് മുപ്പതു പോയിന്റാണുള്ളത്. ആഴ്‌സണൽ മുപ്പത്തിയാറു പോയിന്റുമായി ഒന്നാമത് നിൽക്കുമ്പോൾ ലിവർപൂൾ മുപ്പത്തിനാല് പോയിന്റുമായി രണ്ടാം സ്ഥാനത്തു നിൽക്കുന്നു. വില്ലയുടെ അടുത്ത മത്സരം ആഴ്‌സണലിനെതിരെയാണ്.

You Might Also Like