ഇന്ത്യ വിടാതെ കേരളത്തെ യോദ്ധാക്കളാക്കിയ പരിശീലകന്‍, ഇനി പുതിയ ഭൗത്യം
രഞ്ജിട്രോഫിയില്‍ കേരളത്തെ ചരിത്രനേട്ടങ്ങളിലേക്ക് നയിച്ച സൂപ്പര്‍ പരിശീലകന്‍ ഡേവ് വാട്ട്‌മോറിന് പുതിയ ഉത്തരവദിത്വം. അടുത്ത രഞ്ജി സീസണില്‍ ബറോഡ ടീമിനെയാകും വാട്‌മോര്‍ പരിശീലിപ്പിക്കുക. ഈ സീസണ് പിന്നാലെ കേരളം വിട്ട വാട്‌മോര്‍, ബറോഡ ക്രിക്കറ്റ് അസോസിയേഷനുമായി ചര്‍ച്ചകള്‍ നടത്തിയെന്നും, വൈകാതെ തന്നെ ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.
1996 ലെ ഏകദിന ലോകകപ്പില്‍ ശ്രീലങ്ക കിരീടമുയര്‍ത്തുമ്പോള്‍ അവരുടെ പരിശീലകനായിരുന്ന വാട്‌മോര്‍, 2017 ലായിരുന്നു കേരള ടീമിന്റെ പരിശീലകനായെത്തിയത്. പരിശീലകനായ ആദ്യ സീസണില്‍ കേരളത്തെ രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ച വാട്‌മോര്‍, അടുത്ത സീസണില്‍ ചരിത്രത്തിലാദ്യമായി ടീമിനെ സെമി ഫൈനലിലെത്തിച്ചു.
എന്നാല്‍ ഇത്തവണത്തെ രഞ്ജി സീസണില്‍ ദയനീയ പ്രകടനമായിരുന്നു കേരളത്തിന്റേത്. എലൈറ്റ് ഗ്രൂപ്പ് എ യില്‍ നിന്ന് സിയിലേക്ക് കേരളം തരം താഴ്ത്തപ്പെടുകയും ചെയ്തു. ഇതോടെയാണ് ടീമിനൊപ്പമുള്ള സേവനം അവസാനിപ്പിക്കാന്‍ വാട്‌മോര്‍ തീരുമാനിച്ചത്.