ഒരോവറിലെ മുഴുവന്‍ പന്തിലും സിക്‌സ്, പൊള്ളാര്‍ഡ് വിന്‍ഡീസിനായി ചരിത്രമെഴുതി

യുവരാജ് സിംഗിന് ശേഷം അന്താരാഷ്ട്ര ടി20യില്‍ ഒരോവറില്‍ ആറ് സിക്‌സ് വീണ്ടും പിറന്നു. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസ് സൂപ്പര്‍ താരവും നായകനുമായ കീറോണ്‍ പൊള്ളാര്‍ഡ് ആണ് ഒരോവറിലെ മുഴുവന്‍ പന്തും സിക്‌സ് പറത്തിയത്.

ആന്റിഗ്വയില്‍ നടന്ന മത്സരത്തില്‍ ലങ്കന്‍ ലങ്കന്‍ സ്പിന്നര്‍ അകില ധനഞ്ജയനാണ് പൊള്ളാര്‍ഡില്‍ നിന്ന് അപൂര്‍വ്വമായി ലഭിക്കുന്ന കനത്ത ശിക്ഷ ഏഖ്ഖവുമാങ്ങിയത്. വിന്‍ഡീസ് ബാറ്റിംഗിന്റെ ആറാം ഓവറിലായിരുന്നു ഈ അവിശ്വസനീയ പ്രകടനം.

തൊട്ടുമുമ്പെത്തെ ഓവറില്‍ എവിന്‍ ലൂയിസ്, ക്രിസ് ഗെയില്‍, നിക്കോളാസ് പുറാന്‍ എന്നിവരെ തുടര്‍ച്ചയായി പുറത്താക്കി ഹാട്രിക്ക് നേടിയ ശേഷമായിരുന്നു ധനഞ്ജയ ഈ ശിക്ഷയ്ക്ക് വിധേയനായതെന്നതാണ് ഏറെ കൗതുകം. ആ കാഴ്ച്ച കാണാം

ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓവറിലെ മുഴുവന്‍ പന്തുകളും സിക്‌സര്‍ പറത്തുന്ന മൂന്നാമത്തെ താരമായി പൊള്ളാര്‍ഡ് മാറി. 2007 ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 മത്സരത്തില്‍ യുവരാജ്സിംഗും, ഇതേ വര്‍ഷം നെതര്‍ലന്‍ഡ്‌സിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഹെര്‍ഷല്‍ ഗിബ്‌സുമാണ് പൊള്ളാര്‍ഡിന് മുന്‍പ് ഈ നേട്ടം കൈവരിച്ച താരങ്ങള്‍.

പൊള്ളാര്‍ഡ് ചരിത്ര നേട്ടം സ്വന്തമാക്കിയ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് 4 വിക്കറ്റിന് വിജയിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 131/9 എന്ന സ്‌കോര്‍ നേടിയപ്പോള്‍, വെസ്റ്റിന്‍ഡീസ് വെറും 13.1 ഓവറുകളിലാണ് വിജയ ലക്ഷ്യം മറികടന്നത്. 11 പന്തുകളില്‍ 38 റണ്‍സെടുത്ത കീറണ്‍ പൊള്ളാര്‍ഡാണ് വിന്‍ഡീസിന്റെ ടോപ്സ്‌കോററും മത്സരത്തിലെ കേമനും.

ഹാട്രിക്ക് സ്വന്തമാക്കിയ ധനഞ്ജയ നാല് ഓവറില്‍ 62 റണ്‍സ് വഴങ്ങിയാണ് മൂന്ന വിക്കറ്റ് സ്വന്തമാക്കിയത്. മറ്റൊരു ലങ്കന്‍ താരം സില്‍വയും 12 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു.

You Might Also Like