കൊടുങ്കാറ്റിനെ പിടിച്ചുകെട്ടി സത്‌നെര്‍, വിന്‍ഡീസിനെതിരെ കിവീസിന് ആവേശജയം

വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ തകര്‍പ്പന്‍ ജയവുമായി ന്യൂസിലന്‍ഡ്. ആവേശകരമായ മത്സരത്തില്‍ 13 റണ്‍സിനാണ് ന്യൂസിലന്‍ഡ് വെസ്റ്റിഡീസിനെ തകര്‍ത്തത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ വെസ്റ്റിന്‍ഡീസിന് ഏഴ് വിക്കറ്റ് നഷ്ടത്ത്ില്‍ 172 റണ്‍സ് എടുക്കാനെ ആയുളളു.

അവസാന രണ്ടോവറില്‍ 43 റണ്‍സായിരുന്നു വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 30 റണ്‍സെ റൊമാരിയോ ഷെപ്പേഴ്‌സിനും ഒഡിയന്‍ സ്മിത്തിനും കൂടി എടുക്കാനായുളളു. ഇരുവരും എട്ടാം വിക്കറ്റില്‍ അഭേദ്യമായ 58 റണ്‍സാണ് 4.2 ഓവറില്‍ കൂട്ടിച്ചേര്‍ത്തത്. ഷെപ്പേഴ്‌സ് 16 പന്തില്‍ ഒരു ഫോറും മൂന്ന് സിക്‌സും സഹിതം പുറത്താകാതെ 31ഉം സ്മിത്ത് 12 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 21 റണ്‍സും എടുത്തു.

43 പന്തില്‍ 42 റണ്‍സെടുത്ത ഷെമ്രാന്‍ ബ്രൂക്‌സ് ആണ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ നിക്കോളാസ് പൂരാന്‍ 15ഉം ജേസണ്‍ ഹോള്‍ഡര്‍ 25ഉം റോവ് മാന്‍ പവല്‍ 18ഉം റണ്‍സെടുത്തു.

ന്യൂസിലന്‍ഡിനായി മിച്ചല്‍ സത്‌നര്‍ ആണ് മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് സത്‌നര്‍ സ്വന്തമാക്കിയത്. ട്രെന്‍ഡ് ബോള്‍ട്ടും ടിം സൗത്തിയും ലോക്കി ഫെര്‍ഗൂസണും ഇഷ് സോദിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനായി എല്ലാ ബാറ്റ്‌സ്മാന്‍മാരും തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചു. നായകന്‍ കെയന്‍ വില്യംസണ്‍ 33 പന്തില്‍ 47 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ഡേവണ്‍ കോണ്‍വെ 29 പന്തില്‍ 43 റണ്‍സെടുത്തപ്പോള്‍ ജിമ്മി നീഷാം 15 പന്തില്‍ 33 റണ്‍സുമായി പുറത്താകാതെ നിന്നു.

മാര്‍ട്ടിന്‍ ഗുപ്റ്റല്‍ (16), ഗ്ലെന്‍ ഫിലിപ്പ് (17), ഡെയ്ല്‍ മിച്ചല്‍ (16) എന്നിവരും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഒഡിയന്‍ സ്മിത്താണ് വിന്‍ഡീസ് ബൗളിംഗ് നിരയില്‍ തിളങ്ങിയത്. ജാസണ്‍ ഹോള്‍ഡറും ഒബേദ് മക്കോയും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

You Might Also Like