ഇതുവരെ കണ്ടതല്ല ഇനി വരാനിരിക്കുന്നത്, ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കും ആരാധകർക്കും മുന്നറിയിപ്പ്

ഈ സീസണിൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന രീതിയിലുള്ള ഫോമിലാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ ഏഴു മത്സരങ്ങൾ കളിച്ച അവർ അതിൽ അഞ്ചെണ്ണത്തിലും വിജയം സ്വന്തമാക്കി. ഒരെണ്ണത്തിൽ തോൽവിയും ഒന്നിൽ സമനിലയും വഴങ്ങിയ അവർ നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്. ആദ്യ നാല് സ്ഥാനങ്ങളിലുള്ള മറ്റു ടീമുകൾ കുറവ് മത്സരങ്ങളാണ് കാലിച്ചതെങ്കിലും ടീമിന്റെ പ്രകടനത്തിൽ ആരാധകർക്ക് സന്തോഷമുണ്ട്.

എന്നാൽ നിലവിലെ കുതിപ്പിൽ മതിമറന്ന് ആഘോഷിക്കാൻ കഴിയില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച് കഴിഞ്ഞ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞത്. ഡിസംബർ, ജനുവരി മാസങ്ങൾ പൊതുവെ ലീഗിൽ നിർണായകമാണെന്നു മുൻപ് തന്നെ പറഞ്ഞിട്ടുള്ള ഇവാൻ അടുത്ത മാസം വരാനിരിക്കുന്നത് വമ്പൻ പോരാട്ടങ്ങളാണെന്ന മുന്നറിയിപ്പ് നൽകി. ഇനിയും പതിനഞ്ചു മത്സരങ്ങൾ കളിക്കാനുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഇവാന്റെ മുന്നറിയിപ്പ് വളരെ ഗൗരവമുള്ള ഒന്നാണ്. ഇതുവരെ ബ്ലാസ്റ്റേഴ്‌സ് കളിച്ച ടീമുകളെ വെച്ചു നോക്കുമ്പോൾ അടുത്ത മാസം നടക്കാനിരിക്കുന്ന മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണവും വളരെ ബുദ്ധിമുട്ടേറിയ എതിരാളികളാണ്. നാളെ ചെന്നൈയിൻ എഫ്‌സിയെ നേരിടുന്ന ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷം കളിക്കേണ്ടത് നിലവിൽ ഒന്നാം സ്ഥാനത്തുള്ള ഗോവയെയാണ്. അതിനു ശേഷം അവസാന സ്ഥാനത്തു കിടക്കുന്ന പഞ്ചാബിനെയും കരുത്തരായ മോഹൻ ബഗാനെയും ടീം നേരിടണം.

നിലവിൽ ടോപ് സിക്‌സിൽ കിടക്കുന്ന ടീമുകൾക്കെതിരെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനവും ചെറിയ ആശങ്ക ഉണ്ടാക്കുന്നതാണ്. മുംബൈ സിറ്റി, ഒഡിഷ, നോർത്ത്ഈസ്റ്റ് എന്നിവർക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചിരിക്കുന്നത്. അതിൽ ഒഡിഷക്കെതിരെ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരിക്കുന്നത്. ടോപ് ടീമുകൾക്കെതിരെ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ബ്ലാസ്റ്റേഴ്‌സ് തെളിയിക്കേണ്ട മാസം കൂടിയാണ് വരാനിരിക്കുന്നത്.

You Might Also Like