ബ്ലാസ്റ്റേഴ്‌സിന്റെ അടിതെറ്റിച്ച മാറ്റങ്ങൾ, ആ സാഹസം എന്തിനായിരുന്നുവെന്ന് ഇവാൻ പറയുന്നു

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് സമനില നേടിയത് ആവേശകരമായ രീതിയിലായിരുന്നു. ഇരുപത്തിനാലു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പിന്നിലായ ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷം രണ്ടു പകുതികളിലുമായി രണ്ടു ഗോളുകൾ നേടിയാണ് മത്സരത്തിൽ സമനില നേടിയത്. ഇതോടെ സ്വന്തം മൈതാനത്തെ അപരാജിത കുതിപ്പ് നിലനിർത്താനും ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു.

എന്നാൽ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയ ഗോളുകൾ ടീമിലെ താരങ്ങളുടെ പിഴവിൽ നിന്നായിരുന്നു. മൂന്നു ഗോളുകളിലും പ്രതിരോധതാരങ്ങളുടെ പിഴവുകൾ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. അതിനു കാരണമായത് ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഇവാൻ വരുത്തിയ മാറ്റമായിരുന്നു. മികച്ച പ്രകടനം നടത്തിയിരുന്ന ഡൈസുകെ, പ്രീതം കൊട്ടാൽ എന്നിവരെ പുറത്തിരുത്തി ഇവാൻ അതിനു പകരം പ്രബീർ ദാസ്, രാഹുൽ കെപി എന്നിവരെ ഇറക്കി തന്റെ വിജയഫോർമുലയെ തന്നെ മാറ്റിക്കളഞ്ഞു.

ഈ മാറ്റം താരങ്ങൾ തമ്മിലുള്ള ഒത്തിണക്കത്തെ ബാധിച്ചതാണ് ടീമിന്റെ സന്തുലിതാവസ്ഥ താളം തെറ്റാൻ കാരണമായത്. അതേസമയം മികച്ച പ്രകടനം നടത്തുകയായിരുന്ന ടീമിൽ വരുത്തിയ മാറ്റമൊന്നും ആശാനെ ബാധിച്ചില്ല. ടീമിലെ താരങ്ങളായ രാഹുൽ, ഇഷാൻ, ലെസ്‌കോവിച്ച് എന്നിവരെല്ലാം അവസരങ്ങൾ ലഭിക്കേണ്ട താരങ്ങളാണെന്നും അവരെ എല്ലാ മത്സരത്തിനും തയ്യാറെടുപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ലൈനപ്പിൽ മാറ്റം വരുത്തിയതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇവാന്റെ ഉദ്ദേശം നല്ലതായിരുന്നെങ്കിലും അത് ടീമിന് പ്രതികൂലമായാണ് വന്നതെന്ന കാര്യത്തിൽ സംശയമില്ല. ചെന്നൈയിൻ എഫ്‌സിയിൽ നിന്നും ഇതുപോലെയൊരു പ്രകടനം അദ്ദേഹം പ്രതീക്ഷിച്ചില്ലെന്നാണ് കരുതേണ്ടത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ വിള്ളൽ ചെന്നൈ താരങ്ങൾ കൃത്യമായി മുതലെടുത്തതോടെ അവർ മുന്നിലെത്തി. എന്നാൽ അതിൽ പതറാതെ തിരിച്ചു വരാൻ ടീമിന് കഴിഞ്ഞുവെന്നത് വലിയൊരു നേട്ടം തന്നെയാണ്.

You Might Also Like