ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫോര്‍മാറ്റിനെതിരെ പൊട്ടിത്തെറിച്ച് കോഹ്ലി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഒരൊറ്റ മത്സരമായി ചുരുക്കിയതിലുളള തന്റെ അമര്‍ശം വെളിപ്പെടുത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡ് അര്‍ഹിച്ച വിജയമാണ് നേടിയതെങ്കിലും ഭാവിയില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പരയായി നടത്തണമെന്ന് വിരാട് കോഹ്ലി നിര്‍ദേശിക്കുന്നു.

ഒരൊറ്റ മത്സരത്തിലൂടെ ലോകത്തിലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് താന്‍ യോജിക്കുന്നില്ലയെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ തുറന്ന് പറഞ്ഞു.

‘ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമിനെ ഒരൊറ്റ മത്സരത്തിലൂടെ തീരുമാനിക്കുന്നതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നില്ല. ‘ വിരാട് കോഹ്ലി പറഞ്ഞു.

” ഇതൊരു ടെസ്റ്റ് പരമ്പരയായിരുന്നുവെങ്കില്‍ മൂന്ന് ടെസ്റ്റിലും ടീമുകള്‍ പരീക്ഷിക്കപെടും, ടീമുകള്‍ക്ക് വിജയവഴിയില്‍ തിരിച്ചെത്താനും എതിര്‍ടീമിനെ പൂര്‍ണ്ണമായും തകര്‍ക്കാനും സാധിക്കും. രണ്ട് ദിവസത്തെ സമ്മര്‍ദ്ദത്തിനൊടുവില്‍ നിങ്ങള്‍ മികച്ച ടെസ്റ്റ് ടീമല്ലയെന്ന് വിധികല്പിക്കരുത്. ഞാനതില്‍ വിശ്വസിക്കുന്നുമില്ല. ‘ വിരാട് കോഹ്ലി കൂട്ടിച്ചേര്‍ത്തു.

‘ ഇക്കാര്യം തീര്‍ച്ചയായും ഭാവിയില്‍ പരിഗണിക്കപെടേണ്ടതുണ്ട്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഉയര്‍ച്ചയും താഴ്ച്ചയുമുണ്ടാകും. പരമ്പരയ്ക്കിടെ സാഹചര്യങ്ങള്‍ മാറിമറിയും. ആദ്യ മത്സരത്തില്‍ വരുത്തിയ പിഴവുകള്‍ തിരുത്താന്‍ അവസരങ്ങള്‍ ലഭിക്കും. അതിനുശേഷം യഥാര്‍ത്ഥ വിജയി ആരാണെന്ന് മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്ക് ശേഷമറിയാം. അതായിരിക്കും വിജയിയെ തീരുമാനീക്കാനുള്ള യഥാര്‍ത്ഥ അളവുകോല്‍. ‘ വിരാട് കോഹ്ലി കൂട്ടിച്ചേര്‍ത്തു.

” അതുകൊണ്ട് തന്നെ ഈ പരാജയം ഞങ്ങളെ ബാധിക്കുകയില്ല. കാരണം കഴിഞ്ഞ 18 മാസത്തിന് ശേഷം മാത്രമല്ല മൂന്നോ നാലോ വര്‍ഷമായി എത്രത്തോളം മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് തന്നെ വര്‍ഷങ്ങളായുള്ള ടീമിന്റെ പ്രകടനത്തെയോ കഴിവിനെയോ നിര്‍ണയിക്കാനുള്ള അളവുകോലല്ല ഈ ഒരൊറ്റ മത്സരം. ‘ വിരാട് കോഹ്ലി പറഞ്ഞു.

നേരത്തെ ഫൈനലിന് മുന്‍പ് മുന്‍ ഇന്ത്യന്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയും ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു.

You Might Also Like