പുതുവര്‍ഷം സെഞ്ച്വറിയോടെ തുടങ്ങി, സച്ചിന്റെ അമ്പരപ്പിക്കുന്ന റെക്കോര്‍ഡിനൊപ്പമെത്തി കോഹ്ലി

ശ്രീലങ്കക്കെതിരായ ഗുവഹാത്തി ഏകദിനത്തില്‍ സെഞ്ച്വറി നേടിയതോടെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോര്‍ഡിനൊപ്പമെത്തി വിരാട് കോഹ്ലി. സ്വന്തംമണ്ണില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമായാണ് 34കാരന്‍ മാറിയത്.

ചെറിയ ഇടവേളക്ക് ശേഷം ഏകദിന ടീമിലേക്ക് മടങ്ങിയെത്തിയ വിരാട് മികച്ച ഇന്നിംഗ്‌സാണ് ഏഷ്യന്‍ ചാമ്പ്യന്‍മാര്‍ക്കെതിരെ പുറത്തെടുത്തത്. 87 പന്തില്‍ 12 ബൗണ്ടറിയും ഒരുസിക്‌സറും സഹിതം 113 റണ്‍സാണ് കോഹ്ലിനേടിയത്. ഇന്ത്യന്‍മണ്ണില്‍ മുന്‍ ക്യാപ്റ്റന്റെ 20ാം സെഞ്ച്വറിയാണ് ശ്രീലങ്കക്കെതിരെ പിറന്നത്.


മുന്‍നിരതാരങ്ങളെല്ലാം തിളങ്ങിയ മത്സരത്തില്‍ 373 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. ലങ്കയ്‌ക്കെതിരെ 47 ഏകദിനങ്ങളില്‍ നിന്ന് എട്ട് സെഞ്ചുറികളും 11 അര്‍ദ്ധ സെഞ്ചുറികളും ഉള്‍പ്പെടെ 90.61 ശരാശരിയില്‍ 2220 റണ്‍സാണ് ഇതുവരെ കോഹ്ലി നേടിയത്. 2009ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു കോഹ്‌ലിയുടെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറി. ഏഷ്യാകപ്പിലും ലോകകപ്പ് ട്വന്റി 20യിലും നടത്തിയ മികച്ച ഫോം ശ്രീലങ്കക്കെതിരായ ഏകദിനത്തിലും തുടര്‍ന്നതോടെ വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

അടുത്തിടെ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗിനെ മറികടന്ന് കോഹ്‌ലി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടിയ രണ്ടാമത്തെ താരമായിയിരുന്നു. സീനിയര്‍താരത്തിന് മുന്നില്‍ ഇനിയുള്ളത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍മാത്രമാണ്. നിലവില്‍ 72 അന്താരാഷ്ട്ര സെഞ്ചുറികളാണ് സ്വന്തമാക്കിയത്.

സച്ചിന്‍ ഏകദിനത്തില്‍ 49ഉം ടെസ്റ്റില്‍ 51ഉം സെഞ്ച്വറികളാണ് നേടിയത്. ഏകദിനത്തില്‍ 44 സെഞ്ച്വറികള്‍ ഇതിനകം നേടിയ കോഹ്ലിക്ക് അഞ്ചുതവണകൂടി നൂറുതികക്കാനായാല്‍ സച്ചിന്റെ പേരിലുള്ള മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തംപേരിലാക്കാം. ഏകദിനത്തില്‍ 463 മത്സരങ്ങളില്‍ നിന്നായി 8,426 റണ്‍സും ടെസ്റ്റില്‍ 200 മാച്ചില്‍ നിന്നായി 15,921 റണ്‍സുമാണ് സച്ചില്‍ അടിച്ച്കൂട്ടിയത്. വിരാട് 265 ഏകദിനത്തില്‍ നിന്നായി 12,471 റണ്‍സും ടെസ്റ്റില്‍ 104 മാച്ചില്‍ നിന്നായി 8119 റണ്‍സും സ്വന്തമാക്കി.

You Might Also Like