ഈ അപമാനം എന്നവസാനിക്കും; ഫുട്‌ബോളിലെ മോശം പ്രവണതയ്ക്ക് അതുറിവരുത്താനാകാതെ ഫിഫ

വംശീയാധിക്ഷേപത്തിനെതിരെ നിരന്തരം ക്യാമ്പയിന്‍ നടക്കുമ്പോഴും പ്രധാനമത്സരങ്ങള്‍ നടക്കുന്ന ഫുട്‌ബോള്‍ മൈതാനങ്ങളില്‍ മാറ്റമില്ലാതെതുടരുകയാണ്. റയല്‍മാഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറാണ് കഴിഞ്ഞദിവസം കടുത്ത വംശീയാധിക്ഷേപത്തിന് ഇരയായത്.

ഹോസെ സൊറില്ല മൈതാനത്ത് നടന്ന റല്‍മാഡ്രിഡ്-റയല്‍ വയ്യഡോളിഡ് മത്സരത്തിനിടെയാണ് യുവതാരത്തിനെതിരെ കുപ്പിയേറും തെറിയഭിഷേകവുമുണ്ടായത്. പകരക്കാരനായി കളിക്കളത്തിലിറങ്ങിയ ഉടനെയായിരുന്നു വിനീഷ്യസിനെതിരെ കാണികള്‍ മോശമായരീതിയില്‍ പ്രതികരിച്ചത്. സംഭവം വിവാദമായതോടെ നടപടിയെ അപലപിച്ചും വിശദീകരണവുമായും വയ്യഡോളിഡ് ക്ലബ് രംഗത്തെത്തി.


നേരത്തെയും സമാനമായ രീതിയില്‍ വിനീഷ്യസ് ജൂനിയറിനെതിരെ അതിക്രമമുണ്ടായിരുന്നു. ഇത്തരം വംശവെറിക്കെതിരെ ലാലീഗ ഒന്നും ചെയ്യുന്നില്ലെന്ന പരാതിയുമായി താരം രംഗത്തെത്തുകയും ചെയ്തു. തന്റെയും റയലിന്റേയും വിജയങ്ങള്‍ ഇനിയും ആഘോഷിക്കുമെന്നും തലയുയര്‍ത്തിപ്പിടിച്ചുതന്നെ നില്‍ക്കുമെന്നും താരം വ്യക്തമാക്കി.

കഴിഞ്ഞ ലോകകപ്പ് സമയത്ത് ബ്രസീല്‍ താരങ്ങള്‍ ഒന്നടങ്കം ഇത്തരം വംശവെറിക്കെതിരെ രംഗത്ത് വന്നിരുന്നു. ഗ്രൂപ്പ് ഘട്ടംമുതല്‍ ക്വാര്‍ട്ടര്‍ വരെയുള്ള മത്സരങ്ങളില്‍ താരങ്ങള്‍ നേടുന്ന ഓരോഗോളും നൃത്തംചെയ്ത് ആഘോഷിക്കുന്നതിന് പിന്നിലുള്ള കാരണവും ഇതായിരുന്നു. നെയ്മര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിനീഷ്യസിനൊപ്പമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.


ലോകകപ്പില്‍ അര്‍ജന്റീനക്കെതിരായ ഫൈനലില്‍ പെനാല്‍റ്റികിക്ക് പുറത്തേക്കടിച്ച കിംഗ്സ്ലി കോമാനും ഷുവാമെനിയും സമൂഹമാധ്യമങ്ങളില്‍ വലിയ അധിക്ഷേപത്തിനാണ് ഇരയായത്. ടീമിനെ തോല്‍പിച്ചത് ഇവരാണെന്ന തരത്തിലാണ് മോശംവാക്കുകളോടെയുള്ള വിമര്‍ശനമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

ഇംഗ്ലണ്ട് താരങ്ങളായ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ബുക്കായസാക്ക എന്നിവരും സമാനരീതിയില്‍ അക്രമണത്തിന് ഇരയായിരുന്നു. ഓരോതവണയും ഇത്തരം വംശീയാധിക്ഷേപങ്ങള്‍ തടയാന്‍ ഇടപെടുമെന്ന് ഫിഫയും ക്ലബ് അധികൃതരും ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും ഫുട്‌ബോളിന് കളങ്കമായി ഇത്തരം പ്രവണതകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.

You Might Also Like