കേരളത്തിന്റെ നെഞ്ച് തകര്‍ത്ത് രണ്ടാം സെഞ്ച്വറിയുമായി ദേവ്ദത്ത്, വിജയകുതിപ്പിന് അവസാനം

വിജയ് ഹസാരെ ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറി കരുത്തില്‍ കേരളത്തിന്റെ വിജയക്കുതിപ്പിന് കടിഞ്ഞാണിട്ട് കര്‍ണാടക. കേരളം ഉയര്‍ത്തിയ 278 റണ്‍സ് വിജയലക്ഷ്യം കര്‍ണാടക 45.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സ്‌കോര്‍ കേരളം 50 ഓവറില്‍ 277/8, കര്‍ണാടക 45.3 ഓവറില്‍ 2979/1.

തോല്‍വിയോടെ കേരളം എലൈറ്റ് സി ഗ്രൂപ്പില്‍ കര്‍ണാടക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായി. കേരളത്തിനും കര്‍ണാടക്കയ്ക്കും 12 പോയന്റ് വീതമാണുള്ളതെങ്കിലും റണ്‍റേറ്റിലാണ് കര്‍ണാടക കേരളത്തെ പിന്നിലാക്കിയത്.

138 പന്തില്‍ 13 ഫോറും രണ്ട് സിക്‌സും സഹിതം 126 റണ്‍സുമായി ദേവ്ദത്ത് പടിക്കലും 84 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 86 റണ്‍സുമായി കെ സിദ്ധാര്‍ത്ഥുമാണ് പുറത്താകാതെ കര്‍ണാടകയെ വിജയിപ്പിച്ചത്. ദേവ്ദത്തിന്റെ തുടര്‍ച്ചായയ രണ്ടാമത്തെ സെഞ്ച്വറിയാണ്. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന താരം കഴിഞ്ഞ മത്സരത്തില്‍ ഒഡീഷയ്‌ക്കെതിരെ 152 റണ്‍സ് നേടിയിരുന്നു. നിന്നപ്പോള്‍ ഓപ്പണര്‍ രവികുമാര്‍ സമര്‍ത്ഥ് 51 പന്തില്‍ 62 റണ്‍സെടുത്ത് പുറത്തായി. ഓപ്പണിംഗ് വിക്കറ്റില്‍ 99 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് സമര്‍ത്ഥ് മടങ്ങിയത്. ജലജ് സക്‌സേനയാണ് ഏക വിക്കറ്റ് സ്വന്തമാക്കിയത്.

തുടര്‍ച്ചയായ മൂന്ന് ജയങ്ങള്‍ക്കുശേഷം ടൂര്‍ണമെന്റിലെ കേരളത്തിന്റെ ആദ്യ തോല്‍വിയാണിത്. നേരത്തെ, കേരളം നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 277 റണ്‍സ് നേടിയത്. വത്സല്‍ ഗോവിന്ദ് (95), സച്ചിന്‍ ബേബി (54), മുഹമ്മദ് അസറുദ്ദീന്‍ (പുറത്താവാതെ 59) എന്നിവരുടെ ഇന്നിംഗ്‌സാണ് കേരളത്തിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. കര്‍ണാടകയ്ക്കായി അഭിമന്യു മിഥുന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ ആയ റോബിന്‍ ഉത്തപ്പയെ ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ കേരളത്തിന് നഷ്ടമായി. രണ്ടാം ഓവറില്‍ സഞ്ജു സാംസണും(3) മടങ്ങി. പിന്നീട് വിഷ്ണു വിനോദും വത്സല്‍ ഗോവിന്ദും ചേര്‍ന്നാണ് കേരളത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറിയത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വിഷ്ണു(29), ശ്രേയാസ് ഗോപാലിന്റെ പന്തില്‍ ബൗള്‍ഡായി. പിന്നീട് മധ്യനിര താരങ്ങള്‍ നടത്തിയ പ്രകടനം കേരളത്തെ കരകയറ്റി.

സച്ചിന്‍ ബേബിക്കൊപ്പം(59) ചേര്‍ന്ന വത്സല്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 114 റണ്‍ണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ക്യാപ്റ്റനെ പുറത്താക്കി മിഥുന്‍ കര്‍ണാടകയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെയെത്തിയ അസറുദ്ദീനുമൊത്ത്(38 പന്തില്‍ 59 നോട്ടൗട്ട്) 50 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താണ് വത്സല്‍ മടങ്ങിയത്. മുന്‍നിര തകര്‍ന്നപ്പോള്‍ പിടിച്ചുനിന്ന വത്സല്‍ 124 പന്തില്‍ ഏഴ് ഫോറിന്റേയും ഒരു സിക്സിന്റേയും സഹായത്തോടെയാണ് 95 റണ്‍സെടുത്തത്.

തുടര്‍ന്നെത്തിയ ജലജ് സക്സേന (5), എം ഡി നിതീഷ് (0), എസ് മിഥുന്‍ (13) എന്നിവര്‍ പെട്ടന്ന് മടങ്ങി. എന്നാല്‍ അസറുദീന്റെ അതിവേഗ ഇന്നിങ്സ് കേരളത്തിന് തുണയായി. 38 പന്തുകള്‍ നേരിട്ട താരം 59 റണ്‍സ് നേടി. മൂന്ന് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു അസുറദ്ദീന്റെ ഇന്നിങ്സ്. കര്‍ണാടകയ്ക്ക് വേണ്ടി മിഥുന് പുറമെ പ്രസിദ്ധ് കൃഷ്ണ രണ്ടും ഗോപാല്‍ ഒരു വിക്കറ്റും വീഴ്ത്തി.

 

 

You Might Also Like