കഴിഞ്ഞ നാല് മാസം അയാള്‍ എന്ത് ചെയ്യുകയായിരുന്നു, യുവതാരത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ താരം

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടതിന് പിന്നാലെ കായികക്ഷമതാ പരിശോധനയായ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ വരുണ്‍ ചക്രവര്‍ത്തിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹേമങ് ബദാനി. കഴിഞ്ഞ നാല് മാസം അയാള്‍ എന്ത് ചെയ്യുകയായിരുന്നെന്നാണ് ബദാനി പരിഹസിക്കുന്നത്.

വരുണ്‍ ചക്രവര്‍ത്തി കായികക്ഷമതയില്ലാത്തതിനാല്‍ ടീമില്‍ നിന്ന് പുറത്തായി എന്ന വാര്‍ത്ത പലരെയും അസ്വസ്ഥരാക്കുന്നുണ്ട് എന്നറിയാം. എന്നാല്‍ എനിക്ക് ചോദിക്കാനുള്ളത് തോളിന് പരിക്കേറ്റ് പുറത്തായശേഷം ക്രിക്കറ്റ് കളിക്കാതിരുന്ന കഴിഞ്ഞ മൂന്നോ നാലോ മാസം അയാള്‍ എന്തു ചെയ്യുകയായിരുന്നുവെന്നാണ്’ ബദാനി ചോദിക്കുന്നു.

എല്ലാ കളിക്കാരും കായികക്ഷമതാ പരിശോധനയെക്കുറിച്ച് ബോധവാന്‍മാരാണ്. അതുകൊണ്ടുതന്നെ വരുണ്‍ ചക്രവര്‍ത്തിയും അതിന് തയാറായി ഇരിക്കണമായിരുന്നുവെന്നും ബദാനി കൂട്ടിചേര്‍ത്തു. ട്വിറ്ററിലൂടെയാണ് ബദാനിയുടെ വിമര്‍ശനം.

കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി നടത്തിയ മികച്ച പ്രകടനത്തെത്തുടര്‍ന്ന് ചക്രവര്‍ത്തിയെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് ചക്രവര്‍ത്തിയെ അവസാന നിമിഷം ടീമില്‍ നിന്നൊഴിവാക്കി.

പരിക്ക് മറച്ചുവെച്ചാണ് ചക്രവര്‍ത്തി ടീമിലെത്തിയതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ചക്രവര്‍ത്തിക്ക് പകരം ടി നടരാജനാണ് പകരം ടീമിലിടം നേടിയത്. നടരജാന്‍ ഇന്ത്യക്കായി ടെസ്റ്റിലും ടി20യിലും ഏകദിനത്തിലും കളിക്കുകയും തിളങ്ങുകയും ചെയ്തു. ടീമില്‍ നിന്ന് പുറത്തായ ചക്രവര്‍ത്തി ഇതിനിടെ വിവാഹിതനായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും വീണ്ടും കായികക്ഷമത തെളിയിക്കുന്നതില്‍ പരാജയപ്പെട്ടാണ് ചക്രവര്‍ത്തി പുറത്തുപോവുന്നത്. ചക്രവര്‍ത്തിക്കൊപ്പം ടി നടരാജനും പരിക്കിന്റെ പിടിയിലായത് ഇന്ത്യക്ക് തിരിച്ചടിയായി.

You Might Also Like