ഐപിഎല്ലിലേക്ക് റെയ്‌നയുടെ തിരിച്ചുവരവ് ഉടന്‍, സ്വന്തമാക്കുക ആ ടീം

മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന ഐപിഎല്ലിലേക്ക് തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പകരക്കാരനായി റെയ്‌നയെ ഗുജറാത്ത് ടൈറ്റന്‍സ് പരിഗണിക്കുന്നതായി വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.

ഓപ്പണിങ് ബാറ്റ്സ്മാന്‍ ജേസന്‍ റോയ് വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്മാറിയ പശ്ചാത്തലത്തിലാണ് റെയ്‌നയെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെടുക്കാന്‍ ആലോചിക്കുന്നത്. രണ്ട് കോടി രൂപയ്ക്കായിരുന്നു ജാസണ്‍ റോയിയെ ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെടുത്തിരുന്നത്. ഈ തുക തന്നെ മുടക്കിയാല്‍ റെയ്‌നയേയും ഗുജറാത്തിന് ടീമിലെത്തിക്കാനാകും.

ജേസന്‍ റോയ്ക്ക് പകരക്കാരന്‍ ആര് എന്ന് ഗുജറാത്ത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. റെയ്നയ്ക്ക് വേണ്ടി ആരാധകരുടെ മുറവിളി തുടങ്ങി കഴിഞ്ഞു. എന്നാല്‍ ഇതിനെ കുറിച്ച് ഗുജറാത്ത് ടൈറ്റന്‍സ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഐപിഎല്‍ താര ലേലത്തില്‍ റെയ്നയെ സ്വന്തമാക്കാന്‍ ഒരു ഫ്രാഞ്ചൈസിയും തയ്യാറായിരുന്നില്ല. രണ്ട് കോടി രൂപയായിരുന്നു റെയ്നയുടെ അടിസ്ഥാന വില. ചെന്നൈ സൂപ്പര്‍ കിങ്സും റെയ്നയ്ക്ക് വേണ്ടി ഇറങ്ങാന്‍ തയ്യാറാവാതിരുന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു.

2020ലെ ഐപിഎല്‍ സീസണില്‍ നിന്ന് പിന്മാറിയതും 2021ലെ ഐപിഎല്‍ സീസണില്‍ മികവ് കാണിക്കാന്‍ കഴിയാതെ വന്നതുമാണ് റെയ്നയ്ക്ക് തിരിച്ചടിയായത്. കഴിഞ്ഞ സീസണില്‍ 12 കളിയില്‍ നിന്ന് 160 റണ്‍സ് മാത്രമാണ് റെയ്നയ്ക്ക് കണ്ടെത്താനായത്. ബാറ്റിങ് ശരാശരി 17.77.

205 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് റെയ്ന. 32.51 എന്ന ബാറ്റിങ് ശരാശരിയില്‍ നേടിയത് 5528 റണ്‍സ്. സ്ട്രൈക്ക്റേറ്റ് 136.76. ഒരു സെഞ്ചുറിയും 39 അര്‍ധ സെഞ്ചുറിയും റെയ്നയുടെ അക്കൗണ്ടിലുണ്ട്. 2016,17 സീസണുകളില്‍ ഗുജറാത്ത് ലയേണ്‍സിനെ നയിച്ചതും റെയ്ന ആയിരുന്നു.

You Might Also Like