എമിലിയാനോ മാർട്ടിനസിന്റെ മണ്ടത്തരത്തിൽ ഗോൾ വഴങ്ങി, വിമർശനവുമായി ഉനെ എമറി

ആഴ്‌സണലും ആസ്റ്റൺ വില്ലയും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീഗ് മത്സരം സംഭവബഹുലമായിരുന്നു. സ്വന്തം മൈതാനത്ത് ആസ്റ്റൺ വില്ല രണ്ടു തവണ ലീഡ് നേടിയെങ്കിലും തിരിച്ചടിച്ച ആഴ്‌സണൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയം സ്വന്തമാക്കി. ആസ്റ്റൺ വില്ലക്കായി വാറ്റ്കിൻസ്, കുട്ടീന്യോ എന്നിവർ ഗോൾ നേടിയപ്പോൾ ആഴ്‌സനലിനായി സാക്ക, സിൻചെങ്കോ, മാർട്ടിനെല്ലി എന്നിവർക്ക് പുറമെ എമിലിയാനോ മാർട്ടിനസിന്റെ സെൽഫ് ഗോളും ഉണ്ടായിരുന്നു.

അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഹീറോയായ എമിലിയാനോ മാർട്ടിനസിനെതിരെ മത്സരത്തിന് ശേഷം ട്രോളുകൾ ഉയർന്നു വരുന്നുണ്ട്. ആസ്റ്റൺ വില്ലയും ആഴ്‌സണലും രണ്ടു ഗോളുകൾ നേടി സമനിലയിൽ നിൽക്കുന്ന സമയത്ത് ഇഞ്ചുറി ടൈമിലാണ് എമിലിയാനോ മാർട്ടിനസിന്റെ സെൽഫ് ഗോൾ പിറക്കുന്നത്. അത് തടുക്കാൻ കഴിയാത്ത ഒരു ദൗർഭാഗ്യമായി കണക്കാക്കാമെങ്കിലും അതിനു ശേഷം താരം കാണിച്ച അബദ്ധം മറ്റൊരു ഗോളിനും കാരണമായി.

തൊണ്ണൂറ്റിയാറാം മിനുട്ടിൽ ആസ്റ്റൺ വില്ലക്ക് ലഭിച്ച കോർണറിൽ നിന്നും ഗോൾ നേടാൻ എമിലിയാനോ മാർട്ടിനസും ആഴ്‌സണൽ ബോക്സിൽ എത്തിയിരുന്നു. എന്നാൽ കോർണറിനു പിന്നാലെ ആസ്റ്റൺ വില്ല ആരംഭിച്ച പ്രത്യാക്രമണത്തിൽ നിന്നും അവർ ഗോൾ നേടി. ബ്രസീലിയൻ താരം ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ഗോൾ നേടിയത്. സ്വന്തം പോസ്റ്റിലേക്ക് ഓടിയെത്താൻ എമിലിയാനോ ശ്രമിച്ചെങ്കിലും താരം നിസ്സഹായനായി നോക്കി നിൽക്കെ ഗോൾകീപ്പറില്ലാത്ത പോസ്റ്റിലേക്ക് മാർട്ടിനെല്ലി പന്തെത്തിക്കുകയായിരുന്നു.

മത്സരത്തിന് ശേഷം കോർണറിനായി ആഴ്‌സണൽ ബോക്‌സിലെത്തിയ എമിലിയാനോയെ ഉനെ എമറി വിമർശിക്കുകയുണ്ടായി. തന്റെ ഗോൾകീപ്പറോട് തൊണ്ണൂറ്റിരണ്ടാം മിനുട്ടിൽ ഗോളടിക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം നൂറിൽ ഒരിക്കൽ മാത്രം അങ്ങിനെ ഗോൾ നേടാൻ ഗോൾകീപ്പർക്ക് കഴിയുമ്പോൾ ഇരുപതിൽ പത്ത് തവണയും അത് വഴിയുള്ള പ്രത്യാക്രമണത്തിൽ നിന്നും ഗോൾ വഴങ്ങുമെന്നും പറഞ്ഞു. 2-3നു തോൽക്കുന്നതിനേക്കാൾ മോശമാണ് 2-4നു തോൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരത്തിൽ നാല് ഗോളുകൾ വഴങ്ങിയ എമിലിയാനോ മാർട്ടിനസ് കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ നിന്നും പതിനൊന്നു ഗോളുകളാണ് വഴങ്ങിയിരിക്കുന്നത്. ആഴ്‌സണലിന് പുറമെ ലൈസ്റ്റർ സിറ്റിക്കെതിരെയും നാല് ഗോൾ വഴങ്ങിയ താരം മാഞ്ചസ്റ്റർ സിറ്റിയോട് മൂന്നു ഗോളും വഴങ്ങി. ഈ മൂന്നു മത്സരങ്ങളിലും ആസ്റ്റൺ വില്ല പരാജയപ്പെടുകയും ചെയ്‌തു.

You Might Also Like