മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രതിസന്ധി രൂക്ഷം, ടെൻ ഹാഗിന്റെ സ്ഥാനം തെറിക്കാൻ സാധ്യത

എറിക് ടെൻ ഹാഗ് പരിശീലകനായ ആദ്യത്തെ സീസണിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തു വന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു കിരീടവും സ്വന്തമാക്കിയത് ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു. ഈ സീസണിൽ കൂടുതൽ മികവ് കാണിക്കാൻ അവർക്ക് കഴിയുമെന്നാണ് ആരാധകർ കരുതിയതെങ്കിലും ഇതുവരെ ആ പ്രതീക്ഷ നിറവേറ്റാൻ ടീമിന് കഴിഞ്ഞിട്ടില്ല. നിലവിൽ ലീഗിൽ ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

മാഞ്ചസ്റ്റർ യുണൈറ്റഡ് മോശം ഫോമിൽ കളിച്ചു കൊണ്ടിരിക്കെ ടീമിലെ പ്രതിസന്ധി രൂക്ഷമായി മാറുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പരിശീലകനായ എറിക് ടെൻ ഹാഗും ടീമിലെ ഒരു കൂട്ടം താരങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞു കൊണ്ടിരിക്കുകയാണ്. ഡച്ച് പരിശീലകന്റെ തന്ത്രങ്ങളിൽ അവർക്ക് സംശയങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതിനു പുറമെ അദ്ദേഹം താരങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയിലും ടീമിനുള്ളിൽ അസ്വാരസ്യങ്ങളുണ്ട്. അവസരങ്ങൾ ലഭിക്കാത്തതിൽ പ്രതിഷേധസ്വരമുയർത്തിയ ജാഡൻ സാഞ്ചോയെ ടെൻ ഹാഗ് ടീമിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. ഇംഗ്ലീഷ് താരത്തെ ഇത്തരത്തിൽ ഒഴിവാക്കുന്ന ടെൻ ഹാഗിന്റെ സമീപനം സ്വേച്ചാധിപത്യപരമാണെന്ന് താരങ്ങൾ കരുതുന്നു.

ഡ്രസിങ് റൂമിലെ പകുതിയോളം താരങ്ങൾക്ക് ടെൻ ഹാഗിനോട് അസ്വസ്ഥതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ടീമിന്റെ ഫോമിനെയും അത് ബാധിക്കും. താരങ്ങൾ പരിശീലകനെതിരെ തിരിഞ്ഞാൽ അത് അദ്ദേഹത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന കാര്യമാണ്. നിലവിലെ പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അത് ടെൻ ഹാഗിന്റെ സ്ഥാനം തെറിക്കാൻ തന്നെ കാരണമായേക്കും.

You Might Also Like