സൂര്യയെ പുറത്താക്കി സഞ്ജുവിനെ ടീമിലെടുക്കുമോ? വിശദീകരണവുമായി രോഹിത്ത്

ഓസ്‌ട്രേലിയക്കെതിരെ ആദ്യ രണ്ട് ഏകദിന മത്സരങ്ങളിലും ഗോള്‍ഡണ്‍ ഡെക്കായി ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയാണ് സൂര്യകുമാര്‍ യാദവ് രണ്ട് മത്സരത്തിലും പുറത്തായത്. അവസാന 12 ഏകദിനത്തില്‍ നിന്ന് 12.63 മാത്രമാണ് സൂര്യകുമാറിന്റെ ശരാശരി.

നാലാം നമ്പറില്‍ ശ്രേയസ് അയ്യരുടെ പകരക്കാരനായെത്തിയ സൂര്യകുമാര്‍ യാദവിന് ഒരു പന്ത് പോലും അതിജീവിക്കാനാവാത്ത അവസ്ഥയാണുള്ളത്. ഏകദിന ലോകകപ്പ് വരാനിരിക്കെ സൂര്യകുമാര്‍ യാദവിന്റെ മോശം ഫോം ഇന്ത്യക്ക് വലിയ തലവേദനയാണ്.

ഇപ്പോഴിതാ സൂര്യകുമാര്‍ യാദവിന്റെ ഏകദിന ഭാവിയെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് നായകന്‍ രോഹിത് ശര്‍മ. മോശം ഫോമിലൂടെ കടന്ന് പോകുമ്പോഴും സൂര്യകുമാറിനെ പിന്തുണക്കുന്ന നിലപാടാണ് രോഹിത് കൈക്കൊണ്ടിരിക്കുന്നത്.

സൂര്യകുമാര്‍ രണ്ട് തവണ ഗോള്‍ഡന്‍ ഡെക്കാവുമ്പോഴും പകരക്കാരന്റെ ആവിശ്യമില്ലെന്നും പ്രതിഭാശാലിയായ താരമാണ് സൂര്യകുമാറെന്ന നിലപാടാണ് രോഹിത് തുറന്ന് പറയുന്നത്.

‘ശ്രേയസ് അയ്യര്‍ എന്ന് തിരിച്ചുവരുമെന്ന് അറിയില്ല. അതുകൊണ്ട് തന്നെ നാലാം നമ്പറില്‍ വിടവ് നന്നപ്പോള്‍ ടീമില്‍ ലഭ്യമായ താരമെന്ന നിലയില്‍ സൂര്യകുമാര്‍ യാദവിനെ കളിപ്പിച്ചു. പരിമിത ഓവറില്‍ വലിയ മികവ് കാട്ടാന്‍ കഴിവുള്ള താരമാണ് സൂര്യകുമാര്‍ യാദവ്. മുമ്പ് പറഞ്ഞതുപോലെ തന്നെ വലിയ റണ്‍സ് നേടാന്‍ സാധിക്കുന്നവനാണവന്‍. വലിയ കരിയര്‍ സൃഷ്ടിക്കാന്‍ അധികം റണ്‍സ് നേടേണ്ടതായുണ്ട് അവനുമറിയാം. സൂര്യയെപ്പോലെയുള്ള പ്രതിഭയുള്ളവര്‍ രണ്ട് മത്സരത്തില്‍ ഫ്ളോപ്പായാലും അവരെ അത് ബാധിക്കില്ല’ രോഹിത് ശര്‍മ പറഞ്ഞു.

ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ നാലാം നമ്പറില്‍ സൂര്യ കളിക്കുമെന്നും അവന്റെ പ്രകടനം വിലയിരുത്തിയാവും മുന്നോട്ടുള്ള യാത്ര തീരുമാനിക്കുക എന്നും രോഹിത്ത് കൂട്ടിച്ചേര്‍ത്തു. റണ്‍സ് സ്‌കോര്‍ ചെയ്യാനാകാതെ അവന്‍ അസ്വസ്തനാകുന്ന സാഹചര്യത്തിലാവും മാറ്റത്തെക്കുറിച്ച് ചിന്തിക്കുക. ഇപ്പോള്‍ ഏതായാലും ആ വഴിയിലേക്ക് ചിന്തിക്കുന്നില്ലെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

അതെസമയം സൂര്യയെ മാറ്റി മലയാളി താരം സഞ്ജു സാംസണെ കളിപ്പിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ പരിഗണിക്കില്ലെന്നാണ് രോഹിത്ത് നല്‍കുന്ന സൂചന.

You Might Also Like