ഒടുവില്‍ റെയ്‌ന ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു, കൂടെ ശാസ്ത്രിയും

താരലേലത്തില്‍ പുറന്തള്ളപ്പെട്ടതോടെ മിസ്റ്റര്‍ ഐപിഎല്‍ സുരേഷ് റെയ്‌നയ്ക്ക് ഇത്തവണ ഐപിഎല്‍ കളിക്കാനാകില്ലെങ്കിലും മറ്റൊരു വിധത്തില്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് സൂപ്പര്‍ താരം. ഐപിഎല്‍ ഹിന്ദി കമന്ററി ടീമിനൊപ്പമാണ് റെയ്‌ന കളിപറയാന്‍ ഒരുങ്ങുന്നത്. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയ്‌ക്കൊപ്പമാണ് റെയ്‌ന ഹിന്ദിയില്‍ കമന്ററി പറയുക.

പ്രമുഖ ഹിന്ദി ദിനപത്രമായ ദൈനിക്ക് ജാഗരണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ മറ്റൊരു വിധത്തില്‍ ഐപിഎല്ലിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ റെയ്‌നയ്ക്ക്.

‘റെയ്ന ഇത്തവണ ഐപിഎല്ലിന്റെ ഭാഗമാകില്ലെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം, പക്ഷേ എങ്ങനെയെങ്കിലും അദ്ദേഹത്തെ ടൂര്‍ണമെന്റുമായി ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് ധാരാളം ആരാധകരുണ്ട്, അദ്ദേഹത്തെ മിസ്റ്റര്‍ ഐപിഎല്‍ എന്ന് വിളിക്കാന്‍ ഒരു കാരണമുണ്ട്. ശാസ്ത്രിയെ സംബന്ധിച്ചിടത്തോളം, അദ്ദേഹം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇംഗ്ലീഷ് കമന്ററി ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ 2017ലെ ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനലിന് ശേഷം ഇന്ത്യയുടെ മുഖ്യ പരിശീലകനായതിനാല്‍ അദ്ദേഹം പിന്നീട് കമന്ററി പറഞ്ഞിട്ടില്ല’ പേര് വെളിപ്പെടുത്താത്ത ഒരു ഐപിഎല്‍ സോഴ്‌സ് പറഞ്ഞു.

2020ലെ ഐപിഎല്‍ സീസണില്‍ നിന്ന് പിന്മാറിയതും 2021ലെ ഐപിഎല്‍ സീസണില്‍ മികവ് കാണിക്കാന്‍ കഴിയാതെ വന്നതുമാണ് റെയ്നയ്ക്ക് തിരിച്ചടിയായത്. കഴിഞ്ഞ സീസണില്‍ 12 കളിയില്‍ നിന്ന് 160 റണ്‍സ് മാത്രമാണ് റെയ്നയ്ക്ക് കണ്ടെത്താനായത്. ബാറ്റിങ് ശരാശരി 17.77.

205 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് റെയ്ന. 32.51 എന്ന ബാറ്റിങ് ശരാശരിയില്‍ നേടിയത് 5528 റണ്‍സ്. സ്ട്രൈക്ക്റേറ്റ് 136.76. ഒരു സെഞ്ചുറിയും 39 അര്‍ധ സെഞ്ചുറിയും റെയ്നയുടെ അക്കൗണ്ടിലുണ്ട്. 2016,17 സീസണുകളില്‍ ഗുജറാത്ത് ലയേണ്‍സിനെ നയിച്ചതും റെയ്ന ആയിരുന്നു.

 

 

You Might Also Like