കേരള ഫുട്ബോളിൽ പുതിയ വിപ്ലവം, സ്ലാട്ടനും കക്കയും ഹൾക്കും കളിക്കാനെത്തുന്നു

കേരള ഫുട്ബോളിൽ വമ്പൻ മാറ്റങ്ങൾക്ക് വഴിയൊരുക്കാൻ സാധ്യതയുള്ള ടൂര്ണമെന്റായ സൂപ്പർ ലീഗ് കേരള ഓഗസ്റ്റിൽ ആരംഭിക്കും. കഴിഞ്ഞ ദിവസം സൂപ്പർ ലീഗ് കേരളയുടെ സിഇഒ കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ലോകഫുട്ബോളിലെ വമ്പൻ താരങ്ങൾ ലീഗിൽ കളിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

മാത്യു ജോസെഫ് നൽകിയ വിവരങ്ങൾ പ്രകാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, കക്ക, ഹൾക്ക്, കഫു തുടങ്ങിയ കളിക്കാരാണ് സൂപ്പർ ലീഗ് കേരളയിൽ പങ്കെടുക്കുക. ഐക്കൺ താരങ്ങളായാവും ഇവർ ടൂർണമെന്റിന് ഇറങ്ങുക. ഈ താരങ്ങൾ ടൂർണമെന്റുമായി സഹകരിക്കാൻ സമ്മതം മൂളിയെന്നാണ് അദ്ദേഹം പറയുന്നത്. ഓഗസ്റ്റ് അവസാനവാരത്തോടെയാകും ടൂർണമെന്റ് ആരംഭിക്കുക.

ടൂർണമെന്റിൽ പങ്കെടുക്കുന്ന ഫ്രാഞ്ചൈസികളെ അടുത്ത മാസം പ്രഖ്യാപിക്കും. കേരളത്തിൽ നിന്നുള്ള ടീമുകൾക്ക് പുറമെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ടീമുകളും പങ്കെടുക്കുമെന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. ആറു ടീമുകളാണ് ആദ്യത്തെ ടൂർണമെന്റിൽ ഉണ്ടാവുകയെന്നും കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, കോഴിക്കോട് സ്റ്റേഡിയം, മഞ്ചേരി സ്റ്റേഡിയം എന്നിവ വേദികളായി പരിഗണിക്കുന്നുണ്ടെന്നും പറഞ്ഞു.

ലോകോത്തര നിലവാരത്തിലുള്ള ടൂർണമെന്റാണ് സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. ആറു വിദേശതാരങ്ങളെ ഓരോ ടീമിനും സ്വന്തമാക്കാൻ കഴിയും. സ്റ്റാർ സ്പോർട്ട്സ്, ഹോട്ട്സ്റ്റാർ തുടങ്ങിയവ മത്സരങ്ങൾ സംപ്രേഷണം ചെയ്യും. ഏറ്റവും മികച്ച രീതിയിൽ ടൂർണമെന്റ് ആസൂത്രണം ചെയ്‌തു നടപ്പിലാക്കിയാൽ കേരള ഫുട്ബോളിൽ വലിയൊരു മാറ്റം തന്നെയുണ്ടാകുമെന്നതിൽ സംശയമില്ല.

You Might Also Like