അർജന്റീനയെ മാതൃകയാക്കി ബ്രസീലിനു ലോകകപ്പ് നേടാനാകും, ലൂയിസ് സുവാരസ് പറയുന്നു

ലയണൽ സ്‌കലോണിയുടെ കീഴിൽ 2018 മുതൽ അർജന്റീന ആരംഭിച്ച പ്രൊജക്റ്റിന്റെ ഭാഗമായാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ടീം സ്വന്തമാക്കിയ നേട്ടങ്ങളെല്ലാം. ലയണൽ മെസിയെ കേന്ദ്രമാക്കി താരത്തിന് ചുറ്റും പൊരുതുന്ന ഒരു ടീമിനെ ഉണ്ടാക്കിയാണ് സ്‌കലോണി തന്റെ പദ്ധതികൾ നടപ്പിലാക്കിയത്. അത് കൃത്യമായി നടപ്പിലാക്കിയ താരങ്ങൾ വിജയങ്ങളിൽ നിർണായക പങ്കു വഹിച്ചു.

2002നു ശേഷം ഒരു ലോകകപ്പ് കിരീടം പോലും നേടാൻ കഴിയാത്ത ടീമാണ് ബ്രസീൽ. എന്നാൽ ബ്രസീൽ അർജന്റീനയെ മാതൃകയാക്കിയാൽ ലോകകപ്പ് നേടാൻ കഴിയുമെന്നാണ് മുൻ ബാഴ്‌സലോണ താരമായ ലൂയിസ് സുവാരസ് പറയുന്നത്. അതിനായി മെസിയെ കേന്ദ്രീകരിച്ച് അർജന്റീന പദ്ധതികൾ ഒരുക്കിയതു പോലെ നെയ്‌മറെ കേന്ദ്രീകരിച്ച് ബ്രസീൽ ഒരു ടീമിനെ ഒരുക്കണമെന്ന് താരം പറയുന്നു.

“മുപ്പത്തിയഞ്ചാം വയസ്സിലെ മെസി ശ്രമിക്കുകയും തനിക്കു വേണ്ടത് നേടിയെടുക്കുകയും ചെയ്‌തു. ബ്രസീലിനു അടുത്ത ലോകകപ്പ് എഡിഷനിൽ കിരീടം നേടണമെങ്കിൽ അവർ അർജന്റീന മെസിയെ കേന്ദ്രീകരിച്ചു കളിച്ചതു പോലെ ചെയ്യുകയാണ് വേണ്ടത്. നെയ്‌മർക്ക് ചുറ്റും കളിക്കാൻ കഴിയുന്ന പത്ത് താരങ്ങളെ ഉണ്ടാക്കി ടീമിനെ ഒരുക്കുക.”  സുവാരസ് പറഞ്ഞു.

“നെയ്‌മർക്ക് ചുറ്റും അധ്വാനിക്കാൻ കഴിയുന്ന പത്ത് താരങ്ങളെ കൃത്യമായി അണിനിരത്താൻ കഴിഞ്ഞാൽ ബ്രസീൽ വിജയിക്കും. കാരണം ആ സമയത്ത് നെയ്‌മർക്ക് മുപ്പത്തിനാല് വയസുള്ള നെയ്‌മർക്കത് നല്ല രീതിയിൽ ചെയ്യാൻ കഴിയും. ഇത് ബ്രസീലിനു ചെയ്യാൻ കഴിയുന്ന കാര്യമാണ്. ബ്രസീലിനു വിജയം നേടണമെങ്കിൽ എല്ലാ താരങ്ങളും ഒരുമിച്ച് നിന്ന് നെയ്‌മർക്ക് ചുറ്റും പ്രവർത്തിക്കണം.” സുവാരസ് വ്യക്തമാക്കി.

ലോകകപ്പിന് ശേഷം ബ്രസീൽ ഒരു സ്ഥിരം പരിശീലകനെ നിയമിച്ചിട്ടില്ല. അണ്ടർ 20 ടീമിന്റെ പരിശീലകനായ റാമോൺ മെനസസിനെ താൽക്കാലിക പരിശീലകനായി നിയമിക്കയാണ് ഇപ്പോൾ ചെയ്‌തിട്ടുള്ളത്‌. ഈ സീസണു ശേഷം കാർലോ ആൻസലോട്ടി ബ്രസീലിന്റെ പരിശീലകനായി വരുമെന്നാണ് റിപ്പോർട്ടുകൾ.

You Might Also Like