ദൗർഭാഗ്യം വേട്ടയാടി സുവാരസ്, വിരമിക്കാനൊരുങ്ങി യുറുഗ്വായ് സൂപ്പർതാരം

ലയണൽ മെസിയുടെ ഇന്റർ മിയാമി ട്രാൻസ്‌ഫറിനു ശേഷം ഏവരും പ്രതീക്ഷിച്ച കാര്യമാണ് താരത്തിന്റെ അടുത്ത സുഹൃത്തായ ലൂയിസ് സുവാരസും അമേരിക്കൻ ക്ലബിൽ എത്തുമെന്ന്. കരിയറിന്റെ അവസാന കാലഘട്ടത്തിൽ ഒപ്പം കളിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന സുവാരസിന്റെ വെളിപ്പെടുത്തൽ കൂടി വന്നതോടെ ഈ സീസണിലല്ലെങ്കിൽ അടുത്ത സീസണിൽ രണ്ടു താരങ്ങളും ഒരുമിക്കുമെന്ന് ആരാധകരും പ്രതീക്ഷിച്ചു.

എന്നാൽ ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ട് അമേരിക്കൻ ലീഗിൽ ഒരുമിക്കാനുള്ള യാതൊരു സാധ്യതയുമില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം ലൂയിസ് സുവാരസ് വളരെ പെട്ടന്ന് തന്നെ ഫുട്ബോളിൽ നിന്നും വിരമിക്കാനുള്ള തയ്യാറെടുപ്പിലാണ്. കാൽമുട്ടിനേറ്റ പരിക്കാണ് സുവാരസ് തീരുമാനമെടുക്കാൻ കാരണം.

സൂചനകൾ പ്രകാരം സുവാരസ് കഴിഞ്ഞ കുറച്ചു മാസങ്ങളായി വേദന സഹിച്ചാണ് കളിക്കളത്തിൽ തുടരുന്നത്. എന്നാൽ ഈ സീസൺ കഴിയുന്നത് വരെ അങ്ങിനെ തുടരാൻ കഴിയില്ലെന്നാണ് താരം ക്ലബ്ബിനെ അറിയിച്ചത്. അതുകൊണ്ടു തന്നെ സീസൺ കഴിയുന്നതിനു മുൻപ് തന്നെ വിരമിക്കാനാണ് താരം ഉദ്ദേശിക്കുന്നത്. കുടുംബവുമായെല്ലാം സംസാരിച്ചാവും സുവാരസ് ഇക്കാര്യത്തിൽ അവസാനത്തെ തീരുമാനം എടുക്കുക.

ബാഴ്‌സലോണയിൽ കളിച്ചിരുന്ന സമയത്ത് ലയണൽ മെസിയും സുവാരസും തമ്മിലുള്ള ഒത്തിണക്കം വളരെ പ്രശസ്‌തമായ ഒന്നായിരുന്നു. കളിക്കളത്തിലും പുറത്തും അവർ മികച്ച സൗഹൃദമാണ് നിലനിന്നിരുന്നത്. അതുകൊണ്ടു തന്നെ ഇരുവരും ഒരുമിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇരുവരും ഒന്നിക്കാനുള്ള സാധ്യത ഇല്ലെന്നതിനൊപ്പം സുവാരസ് അടുത്ത കോപ്പ അമേരിക്കയിലും കളിക്കില്ലെന്നാണ് വ്യക്തമാകുന്നത്.

You Might Also Like