അത് ചായകോപ്പയിലെ കൊടുങ്കാറ്റ്, വിരമിക്കല്‍ നാടകത്തെ കുറിച്ച് ഫ്‌ളെമിംഗ്

ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നതായി കഴിഞ്ഞ ദിവസമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം അമ്പാടി റായിഡു ട്വീറ്റ് ചെയ്തത്. തന്റെ അവസാന ഐപിഎല്‍ സീസണ്‍ ആണിതെന്നും 13 വര്‍ഷത്തെ കരിയറില്‍ രണ്ട് മികച്ച ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചുയെന്നും ട്വിറ്ററില്‍ കുറിച്ചാണ് റായിഡു തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ആ ട്വീറ്റ് മിനിറ്റുകളുടെ ആയുസെ ഉണ്ടായിരുന്നുളളു. ട്വീറ്റ് ഡിലീറ്റ് ആക്കപ്പെടുകയായിരുന്നു.

അതിന് ശേഷം ഉടന്‍ തന്നെ സിഎസ്‌കെയുടെ സിഇഒ കാശി വിശ്വനാഥന്‍ റായിഡുവിന്റെ വിരമിക്കല്‍ നിഷേധിച്ച് കൊണ്ട് രംഗത്തെത്തി. താരത്തിന് ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല അതിന്റെ നിരാശയിലാണ് റായിഡു വിരമിക്കല്‍ പ്രഖ്യാപനം നടത്തികൊണ്ട് ട്വീറ്റ് ചെയ്തതെന്ന് കാശി വിശ്വനാഥന്‍ വ്യക്തമാക്കി.

ഇതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. ആദ്യം ജഡേജ പിന്മാറിയതും പിന്നീട് റായിഡു ഇപ്രകാരം ട്വീറ്റ് ചെയ്തതുമാണ് ക്രിക്കറ്റ് ലോകത്ത് ഊഹാപോഹങ്ങള്‍ പ്രചരിക്കാന്‍ കാരണം.

എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗ്. ഈ വിവാദങ്ങളൊന്നും ടീമിനെ ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

‘ആ സംഭവം അങ്ങനെ നിരാശപ്പെടുത്തുന്ന ഒന്നല്ല, അതൊരു ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമായിരുന്നു, റായിഡുവിന് പ്രശ്‌നങ്ങളൊന്നുമില്ല എന്നാണ് ഞാന്‍ കരുതുന്നത്, ചെന്നൈ ക്യാംപില്‍ ഈ സംഭവം ഒരു മാറ്റവുണ്ടാക്കിയിട്ടില്ല’ ഫ്‌ളെമിംഗ് പറഞ്ഞു.

You Might Also Like