റൊണാള്‍ഡോ അല്‍-നസര്‍ കൂട്ടുകെട്ടിലേക്ക് കൂടുതല്‍ താരങ്ങള്‍; അണിയറയില്‍ ചര്‍ച്ച സജീവം

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വരവോടെ സൗദി അറേബ്യന്‍ ലീഗും സൗദി അല്‍-നസര്‍ ക്ലബും ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. കഴിഞ്ഞദിവസമാണ് റെക്കോര്‍ഡ് തുകക്ക് സിആര്‍7 ഏഷ്യന്‍ ക്ലബുമായി കരാറിലെത്തിയത്. ഇതിന് പിന്നാലെ യൂറോപ്പിലേയും ലാറ്റിനമേരിക്കയിലേും പ്രമുഖതാരങ്ങളെ കൂടാരത്തിലെത്തിക്കാനും ക്ലബ് അധികൃതര്‍ക്ക് പദ്ധതിയുണ്ട്. നിരവധി താരങ്ങളെയാണ് ഇതിനോടകം സമീപിച്ചിരിക്കുന്നത്.

ബാഴ്‌സലോണ നായകനും അടുത്തിടെ സ്‌പെയിന്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കുകയും ചെയ്ത സെര്‍ജിയോ ബുസ്‌കെറ്റ്‌സാണ് അല്‍-നസറിന്റെ പ്രഥമ പരിഗണന. വമ്പന്‍തുകയാണ് മധ്യനിരതാരത്തിനായി ക്ലബ് മുന്നോട്ട് വെച്ചത്. ബാഴ്‌സയുമായുള്ള കരാര്‍ ഈ വര്‍ഷം മധ്യത്തോടെ അവസാനിക്കും. നിലവിലെ സാഹചര്യത്തില്‍ സ്പാനിഷ് ലീഗില്‍ അത്രമികച്ച ഫോമിലല്ല 34കാരന്‍. ഇതോടെ ക്ലബ് അധികൃതര്‍ കരാര്‍ നീട്ടാനുള്ള സാധ്യതയും വിരളമാണ്. ഈ സാഹചര്യത്തിലാണ് ക്രിസ്റ്റിയാനൊക്കൊപ്പം കളിക്കാനുള്ള അവസരം സൗദി ക്ലബ് തുറന്നിടുന്നത്. മുന്‍ ബാഴ്‌സ സ്റ്റാഫ് കൂടിയായ അല്‍-നസര്‍ സ്‌പോട്ടിംഗ് ഡയറക്ടര്‍ ഗോറന്‍ വുസെവിച്ച് താരത്തെ സമീപിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍ റയല്‍മാഡ്രിഡ് താരവും നിലവില്‍ പി.എസ്.ജിയില്‍ കളിക്കുകയും ചെയ്യുന്ന വെറ്ററന്‍താരം സെര്‍ജിയോ റാമോസിനേയും അല്‍-നസര്‍ സമീപിച്ചതായാണ് വിവരം. റയലില്‍ ക്രിസ്റ്റ്യാനോയും റാമോസും ഒരുമിച്ച് കളിച്ചിട്ടുണ്ട്. നിലവില്‍ പി.എസ്.ജിയില്‍ കളിക്കുന്ന സ്പാനിഷ് ഡിഫന്‍ഡറെ അടുത്ത സീസണോടെ ഫ്രീട്രാന്‍ഫറില്‍ സ്വന്തമാക്കുകയാണ് ലക്ഷ്യം. അര്‍ജന്റീനയുടെ ശ്രദ്ധേയനായ യുവതാരം മൗറോ ഇക്കാര്‍ഡിയേയും അല്‍-നസര്‍ സമീപിച്ചിട്ടുണ്ട്. നിലവില്‍ പി.എസ്.ജി താരമായ ഇക്കാര്‍ഡി ലോണില്‍ തുര്‍ക്കി ക്ലബായ ഗലാറ്റസറായിലാണ് കളിക്കുന്നത്.

നിലവില്‍ കാമറൂണ്‍ ദേശീയതാരവും ക്യാപ്റ്റനുമായ വിന്‍സെന്റ് അബൂബക്കര്‍, ആഴ്‌സനല്‍വിട്ട കൊളംബിയന്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഒസ്പീന, ബ്രസീല്‍ താരങ്ങളായ താലിസ്‌ക, ലൂയിസ് ഗുസ്താവോ എന്നിവരും സൗദി ക്ലബ് അല്‍-നസറുമായി കരാറിലുള്ള താരങ്ങളാണ്. ക്രിസ്റ്റ്യാനോയുടെ വരവ് ഭാവിയില്‍ കൂടുതല്‍ യൂറോപ്യന്‍ താരങ്ങളെ ഏഷ്യയിലേക്കെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ക്ലബ് അധികൃതര്‍.

You Might Also Like