യുഗാന്ത്യം, ലോക കിരീടംനേടിയ സ്പാനിഷ് സുവര്‍ണതലമുറയിലെ താരം സെര്‍ജിയോ ബുസ്‌കെറ്റ്സ് വിരമിച്ചു

മാഡ്രിഡ്: സ്‌പെയിന്‍ ദേശീയടീം ക്യാപ്റ്റന്‍ സെര്‍ജിയോ ബുസ്‌കെറ്റ്‌സ് വിരമിച്ചു. 2010 ലോകകപ്പ് നേടിയ സ്പാനിഷ് സുവര്‍ണതലമുറയിലെ അംഗമായ മധ്യനിരതാരം 15വര്‍ഷത്തെ ഫുട്‌ബോള്‍ കരിയറാണ് അവസാനിപ്പിച്ചത്. ബുസ്‌കെറ്റ്‌സിന്റെ നേതൃത്വത്തില്‍ വലിയ പ്രതീക്ഷയോടെയെത്തിയ സ്‌പെയിന്‍ ടീം ഖത്തര്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോറ്റ് പുറത്തായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാനോട് അട്ടിമറി തോല്‍വിയേറ്റുവാങ്ങിയെങ്കിലും ഗോള്‍വ്യത്യാസത്തില്‍ ജര്‍മ്മനിയെ മറികടന്ന് പ്രീക്വാര്‍ട്ടര്‍ പ്രവേശനം നേടുകയായിരുന്നു. എന്നാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അടിതെറ്റി. പരിശീലകന്‍ ലൂയിസ് എന്റിക്വെ നേരത്തെ രാജിപ്രഖ്യാപിച്ചിരുന്നു.


2010 ലോകകപ്പിന് പുറമെ 2012 യൂറോകിരീടം നേടിയ ടീമിലും അംഗമായിരുന്നു. ഇതുവരെ 143 മത്സരങ്ങളാണ് ഈ ബാഴ്‌സലോണന്‍താരം കളിച്ചത്. ദേശീയടീമിനോട് വിടപറഞ്ഞെങ്കിലും ക്ലബ് കരിയര്‍ അവസാനിപ്പിക്കുന്നതായി പറഞ്ഞിട്ടില്ല. 2010 ലോകകപ്പ് നേടിയ ടീമില്‍ ഗോള്‍കീപ്പര്‍ ഇകര്‍ കാസിയസ്(167), സെര്‍ജിയോ റാമോസ്(180) മാത്രമാണ് ബുസ്‌ക്കെറ്റ്‌സിനേക്കാള്‍ മത്സരം കളിച്ചത്. ദേശീയ ടീമിനൊപ്പമുള്ള ഈ നീണ്ടയാത്ര അവിസ്മരണീയമായിരുന്നുവെന്നും വലിയ അംഗീകാരമാണെന്നും 34കാരന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തി പറഞ്ഞു.

2018 മുതല്‍ ബാഴ്‌സലോണ സീനിയര്‍ ടീം അംഗമായ ബുസ്‌കെറ്റ്‌സ് 463 മത്സരങ്ങളില്‍ നിന്നായി 11 ഗോളുകളും സ്‌കോര്‍ ചെയ്തു. സ്പാനിഷ് മധ്യനിരയിലെ വിശ്വസ്തനായ താരം ലോകത്തിലെ ഏറ്റവുംമികച്ച മധ്യനിരതാരമായാണ് അറിയപ്പെടുന്നത്. ചാമ്പ്യന്‍സ് ലീഗ് കിരീടവും സ്പാനിഷ് ലീഗുമടക്കം നിരവധി ട്രോഫികള്‍ ബാഴ്‌സലോണക്ക് നേടികൊടുക്കുന്നതില്‍ പ്രധാനപങ്കുവഹിച്ചതാരമാണ് ബുസ്‌കെറ്റ്‌സ്.

You Might Also Like