നാണംകെട്ട് ഫുട്‌ബോള്‍,; വിനീഷ്യസിന് നേരെ ക്രൂരമായ വംശീയാധിക്ഷേപം

ഫിഫയുടെ നേതൃത്വത്തില്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളടക്കം നടത്തിയിട്ടും ഫുട്‌ബോളിലെ വംശീയാധിക്ഷേപം അവസാനിക്കുന്നില്ല. കര്‍ശന നടപടിയുണ്ടെങ്കിലും എതിര്‍കളിക്കാര്‍ക്ക് നേരെ അധിക്ഷേപവാക്കുകള്‍ തുടരുകയാണ്. സമീപകലാത്ത് ഏറ്റവുമധികം വംശീയ അധിക്ഷേപത്തിന് വിധേയനായ താരം ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറാണ്.

സ്പാനിഷ് ലീഗ് മത്സരത്തിനിടെ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് വീണ്ടും മോശം അനുഭവമുണ്ടായി. എവേ മത്സരത്തില്‍ മയോര്‍ക്ക ആരാധകരാണ് ബ്രസീലിയന്‍ താരത്തിന് നേരേ വംശീയാധിക്ഷേപം ചൊരിഞ്ഞത്. കുരങ്ങന്‍ എന്ന് വിനീഷ്യസിനെ കാണികള്‍ വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മത്സരത്തില്‍ കടുത്ത ടാക്ലിംഗിനും താരംവിധേയനായി. അടുത്തിടെ മൂന്നാം തവണയാണ് എതിര്‍ ടീമിന്റെ ഹോം ഗ്രൗണ്ടില്‍ വിനീഷ്യസിന് നേരേ വംശീയാധിക്ഷേപം നടക്കുന്നത്.

ഖത്തര്‍ ലോകകപ്പില്‍ വംശീയാധിക്ഷേപത്തിനെതിരെ ബ്രസീല്‍താരങ്ങള്‍ ഒന്നടങ്കം രംഗത്ത് വന്നിരുന്നു. വിനീഷ്യസ് ജൂനിയറിന് പിന്തുണയുമായി നെയ്മര്‍ അടക്കമുള്ള താരങ്ങളാണ് എത്തിയത്. എന്നാല്‍ ലോകകപ്പിന് ശേഷവും ലാലീഗയില്‍ അധിക്ഷേപം തുടരുകയാണ്. ഫിഫ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറയുമ്പോഴും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു.

കോപ്പ ഡെല്‍റെ സെമിയില്‍ അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന്റെ കോലം പാലത്തിന് മുകളില്‍ തൂക്കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണവുമുണ്ടായിരുന്നു. കോലം ഉയര്‍ത്തിയ സംഭവത്തെ സ്പാനിഷ് ലീഗും അത്‌ലറ്റിക്കോ മാഡ്രിഡ്,റയല്‍ മാഡ്രിഡ് ക്ലബുകളും അപലപിച്ചിരുന്നു.


നേരത്തെ വിനീഷ്യസ് ജൂനിയറിന്റെ ഗോളാഘോഷത്തെ വംശീയമായി അത്‌ലറ്റിക്കോ ആരാധകര്‍ അവഹേളിച്ചതും വലിയ വിവാദമായിരുന്നു. വയ്യാഡോളിഡ് ആരാധകരും നേരത്തെ വിനീഷ്യസിനെതിരെ രംഗത്തെത്തിയിരുന്നു. കളിക്കാര്‍ക്കുനേരെ ഉയരുന്ന വംശീയ അധിക്ഷേപങ്ങള്‍ തടയാന്‍ ലാ ലിഗ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിനീഷ്യസ് ജൂനിയര്‍ നേരത്തെ ആരോപിച്ചിരുന്നു. നിരന്തരം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് താരത്തെ നിരാശനാക്കിയിട്ടുണ്ട്. സംഭവത്തില്‍ കടുത്ത തീരുമാനമുണ്ടാകണമെന്ന് റയല്‍ മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.

 

 

You Might Also Like