സഞ്ജു ഹൃദയം കവര്‍ന്നു, അവന് വേണ്ടി രാജസ്ഥാന്റെ ആരാധകനായി, സമൃതി മന്ഥാന

ഐപിഎല്‍ 13ാം സീസണില്‍ സഞ്ജുവിന്റെ കളി കണ്ട് ആരാധകയായ ഒരു ഇന്ത്യന്‍ താരമുണ്ട്. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം സൂപ്പര്‍ താരം സ്മൃതി മന്ഥാനയാണ് സഞ്ജുവിന്റെ ടോപ് ഫാനായിരിക്കുന്നത്. ഇത്തവണ ഐപിഎലില്‍ സഞ്ജുവിന്റെ ബാറ്റിങ് മറ്റൊരു തലത്തിലാണെന്ന് മന്ഥാന അഭിപ്രായപ്പെട്ടു. ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനോടുള്ള ഇഷ്ടം പോലും ആ ടീമില്‍ സഞ്ജുവിന്റെ സാന്നിധ്യമുള്ളതു കൊണ്ടാണെന്ന് മന്ഥന വെളിപ്പെടുത്തി.

‘ഇന്ത്യ ടുഡേ’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്മൃതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഐപിഎലില്‍ യുവതാരങ്ങള്‍ ബാറ്റു ചെയ്യുന്ന രീതി വളരെയധികം പ്രചോദനമാണ്. സഞ്ജു സാംസണിന്റെ ബാറ്റിങ് കണ്ടതോടെ ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ആരാധികയായി മാറി. സഞ്ജു ഉള്ളതുകൊണ്ട് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെയും ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് വേറെ ലെവലാണെന്നുതന്നെ പറയണം. ഐപിഎലില്‍ മികച്ച രീതിയില്‍ ബോളിങ്ങും ബാറ്റിങ്ങും ചെയ്യുന്നവരില്‍നിന്ന് പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനെക്കുറിച്ചാണ് എന്റെ ചിന്ത’ സ്മൃതി മന്ഥന പറഞ്ഞു.

സഞ്ജു ഉള്ളതുകൊണ്ട് രാജസ്ഥാനെ ഇഷ്ടമാണെന്ന് പറഞ്ഞെങ്കിലും, ഐപിഎലില്‍ പ്രത്യേകിച്ച് ഒരു ടീമിനെയും പിന്തുണയ്ക്കുന്നില്ലെന്ന് മന്ഥാന വ്യക്തമാക്കി. അതേസമയം, ഐപിഎലില്‍ കളിക്കുന്ന ഒരു കൂട്ടം താരങ്ങള്‍ക്കാണ് ഇത്തവണ പിന്തുണ. അവരോടാണ് ഇഷ്ടം. വിരാട് കോഹ്ലി, എ.ബി. ഡിവില്ലിയേഴ്‌സ്, രോഹിത് ശര്‍മ, എം.എസ്. ധോണി തുടങ്ങിയവരാണ് ഐപിഎലിലെ പ്രിയ താരങ്ങളെന്നും മന്ഥാന പറഞ്ഞു.

‘ഞാന്‍ എല്ലാ മത്സരവും കാണാറുണ്ട്. പ്രത്യേകിച്ച് ഒരു ടീമിനെ പിന്തുണയ്ക്കുന്നില്ല. പക്ഷേ, പല ടീമുകളിലുള്ള വ്യത്യസ്തരായ താരങ്ങളോട് ഇഷ്ടമുണ്ട്. ഇത് ആരെയും പിണക്കാതിരിക്കാന്‍ പറയുന്നതല്ല. മറിച്ച്, പ്രത്യേകിച്ച് ഒരു ടീമിനെയും പിന്തുണയ്ക്കാന്‍ തോന്നുന്നില്ല എന്നതാണ് വാസ്തവം. വിരാട് കോഹ്ലലി, എ.ബി. ഡിവില്ലിയേഴ്‌സ്, രോഹിത് ശര്‍മ, എം.എസ്. ധോണി തുടങ്ങിയ താരങ്ങളോട് ഏറ്റവും ഇഷ്ടം’ മന്ഥാന പറഞ്ഞു

ഐപിഎലില്‍ ഇത്തവണ മിന്നുന്ന തുടക്കമിട്ട സഞ്ജു, ആദ്യ രണ്ട് മത്സരങ്ങളിലും അര്‍ധസെഞ്ച്വറി നേടിയിരുന്നു. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 32 പന്തില്‍ ഒരു ഫോറും ഒന്‍പതു സിക്‌സും സഹിതം 74 റണ്‍സ് നേടിയും, രണ്ടാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 42 പന്തില്‍ നാലു ഫോറും ഏഴു സിക്‌സും സഹിതം 85 റണ്‍സ് നേടിയുമാണ് സഞ്ജു രാജസ്ഥാന്റെ വിജയശില്‍പിയായത്. ഈ രണ്ടു മത്സരങ്ങളിലും മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരവും സഞ്ജുവിനായിരുന്നു. എന്നാല്‍ മൂന്നാം മത്സരം താരം ബാറ്റിംഗില്‍ പരാജയപ്പെട്ടു.

You Might Also Like