ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിശബ്ദരാക്കാൻ തന്നെയാണ് ഹൈദരാബാദിന്റെ പദ്ധതി, പ്രതികരണവുമായി പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ ഇറങ്ങുകയാണ്. നിലവിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് എതിരാളികൾ അവസാന സ്ഥാനങ്ങളിൽ നിൽക്കുന്ന ഹൈദരാബാദ് എഫ്‌സിയാണ്. മുൻപ് ഐഎസ്എൽ നേടിയ ടീമാണെങ്കിലും നിലവിൽ മോശം ഫോമിലുള്ള ഹൈദരാബാദിനെ കീഴടക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

എന്നാൽ ഹൈദരാബാദ് എഫ്‌സി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ തോൽപ്പിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണുള്ളതെന്നാണ് അവരുടെ പരിശീലകനായ താങ്‌ബോയ് സിങ്‌ടോ പറയുന്നത്. രണ്ടു വർഷത്തോളം കേരള ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടായിരുന്ന അദ്ദേഹം പറയുന്നത് ഇന്റർനാഷണൽ ബ്രേക്ക് ടീമിന്റെ തിരിച്ചുവരവിന് സഹായിക്കുമെന്നാണ്. ആദ്യത്തെ മൂന്നു മത്സരങ്ങളിൽ ടീം വിജയം നേടിയില്ലെങ്കിലും അതിനു ശേഷം നടന്ന മത്സരങ്ങളിൽ സമനില നേടിയത് ഒരു നല്ല സൂചനയാണെന്നാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വലിയ രീതിയിലുള്ള പിന്തുണയെ പേടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ടീമിലെ താരങ്ങൾക്കെല്ലാം വലിയ ആരാധകപ്പടയെ അഭിമുഖീകരിച്ച് പരിചയമുണ്ടെന്നും സിങ്‌ടോ പറയുന്നു. മാനസികമായും ശാരീരികമായും താരങ്ങൾ തയ്യാറെടുത്തു കഴിഞ്ഞുവെന്നും ടീമിന്റെ പദ്ധതികൾ എല്ലാ രീതിയിലും തയ്യാറായെന്നും സിങ്‌ടോ വെളിപ്പെടുത്തി. മത്സരത്തിൽ ക്ലീൻ ഷീറ്റ് സ്വന്തമാക്കുകയാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സിനെതിരെ എന്നും നിലനിൽക്കുന്ന ഒരു ഓർമ ഉണ്ടാക്കുകയാണ് കൊച്ചിയിൽ ഹൈദെരാബാന്റെ ലക്‌ഷ്യം. ഈ സീസണിൽ ഒരു മത്സരം പോലും വിജയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന നാണക്കേട് അവർക്ക് മാറ്റേണ്ടതുണ്ട്. അതേസമയം ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്‌സ് അത് തുടരാനാണ് കൊച്ചിയിൽ ഇറങ്ങുന്നത്. ആരാധകരുടെ കരുത്തിൽ അതിനു കഴിയുമെന്ന വിശ്വാസം അവർക്കുണ്ട്.

You Might Also Like