ഇന്ത്യക്ക് ആശങ്ക; പാക്കിസ്ഥാനെതിരായ അഭിമാനപ്പോരാട്ടത്തിലും ഗിൽ കളിച്ചേക്കില്ല

ഒക്ടോബർ 14ന് അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ – പാകിസ്ഥാൻ ആവേശ പോരാട്ടത്തിലും ശുഭ്മാൻ ഗിൽ കളിക്കാൻ സാധ്യതയില്ല എന്ന് റിപ്പോർട്ടുകൾ. ഡെങ്കിപ്പനി പിടിപെട്ടതിനാൽ ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരെയും അഫ്ഗാനിസ്ഥാനെതിരെയും നടക്കുന്ന മത്സരങ്ങളിൽ നിന്ന് ഗില്ലിനെ മാറ്റി നിർത്തിയിരുന്നു. ശേഷമാണ് ഇപ്പോൾ പാക്കിസ്ഥാനെതിരെയും ഗിൽ കളിക്കില്ല എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. തിങ്കളാഴ്ചയായിരുന്നു ബിസിസിഐ ഗില്ലിന്റെ ആരോഗ്യ സാഹചര്യങ്ങളെപ്പറ്റി പ്രസ്താവന പുറത്തുവിട്ടത്. ഗില്ലിന് നിലവിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാൽ ടീമിനൊപ്പം ഡൽഹിയിലേക്ക് പോയിരുന്നില്ല.

ശേഷം ഗില്ലിനെ ചെന്നൈയിലെ ആശുപത്രിയിൽ എത്തിക്കുകയാണ് ഉണ്ടായത്. ക്രമാതീതമായി ഗില്ലിന്റെ പ്ലേറ്റ്ലേറ്റ് കൗണ്ട് കുറഞ്ഞതിനാലാണ് ഗില്ലിനെ ചെന്നൈയിലെ ആശുപത്രിയിൽ എത്തിച്ചത്. ഗില്ലിന്റെ കുറഞ്ഞ പ്ലേറ്റ്ലേറ്റ് കൗണ്ട് ഒരുപാട് ആശങ്കകൾക്ക് കാരണമാകുന്നുണ്ട്. കൗണ്ട് കുറവായതിനാൽ തന്നെ മെഡിക്കൽ എക്സ്പെർട്ടുകൾ ട്രീറ്റ്മെന്റ് നിർദ്ദേശിക്കുകയും, വിമാനയാത്ര അവഗണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ ബിസിസിഐയുടെ ഫിസിഷൻ റിസ്വാൻ ഖാനൊപ്പം ചെന്നൈയിലാണ് ഗിൽ.

“നിലവിൽ ശുഭമാൻ ഗിൽ ചെന്നൈയിലെ ടീമിന്റെ ഹോട്ടലിലാണുള്ളത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവൻ അവിടെയുണ്ട്. ഗില്ലിന്റെ പ്ലേറ്റ്ലേറ്റ് കൗണ്ട് 70000 ആയി കുറഞ്ഞിരുന്നു. ഡെങ്കി രോഗ ബാധിതർക്ക് ഇത്തരത്തിൽ പ്ലേറ്റ്ലെറ്റ് കുറയാറുണ്ട്. ഒരു ലക്ഷത്തിന് താഴെ പ്ലേറ്റ്ലേറ്റ് കൗണ്ട് കുറയുമ്പോൾ മുൻകരുതലിന്റെ ഭാഗമായി രോഗ ബാധിതരെ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ഞായറാഴ്ച രാത്രി ഗില്ലിനെ പ്രത്യേക ടെസ്റ്റുകൾക്കായി ആശുപത്രിയിൽ എത്തിക്കുകയുണ്ടായി. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മത്സരം നടക്കുന്ന സമയത്ത് ഗിൽ ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് ഗിൽ ഡിസ്ചാർജായത്.”

– ഒരു ബിസിസിഐ ഒഫീഷ്യൽ പറയുന്നു.

ഡെങ്കിയിൽ നിന്ന് പൂർണ്ണമായും മോചിതനായാലും പാക്കിസ്ഥാനെതിരായ മത്സരത്തിൽ കളിക്കാൻ ഗില്ലിന് അവസരം ലഭിച്ചേക്കില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഗില്ലിന്റെ കൗണ്ടിൽ പുരോഗതി ഉണ്ടായാലും പൂർണമായും ഫിറ്റ്നസിലേക്ക് തിരികെത്താൻ ഗില്ലിന് കുറച്ചു സമയം ആവശ്യമാണ്. ആരോഗ്യസ്ഥിതിയിൽ മെച്ചമുണ്ടായാൽ ഗില്ലിന് അഹമ്മദാബാദിൽ ടീമിനൊപ്പം ചേരാൻ സാധിക്കും. പക്ഷേ മത്സരത്തിന് ആവശ്യമായ രീതിയിൽ ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിക്കുമോ എന്ന ചോദ്യം നിലനിൽക്കുന്നു. അഹമ്മദാബാദിൽ 12, 13 തീയതികളിൽ എത്തുകയാണെങ്കിലും ഒരു പരിശീലന മത്സരം പോലും കളിക്കാൻ ഗില്ലിന് സാധിക്കില്ല. ഈ സാഹചര്യത്തിൽ തിടുക്കത്തിൽ ഗില്ലിനെ ബിസിസിഐ മൈതാനത്തിറക്കാൻ സാധ്യതയില്ല.

You Might Also Like